വിടവുകൾ
നരമേധത്തെരുവുകളിൽ
കുരുതിമണക്കും വായുവിലെങ്ങും
ഭീതിവിടർത്തും കണ്ണുകൾ ചുറ്റും
കണ്ടതുകാഴ്ചകളല്ലെന്നോ?
കണ്ടതുമായ്ക്കാൻ കഥകൾ ചമയ്ക്കും
കർമ്മത്തിൻ പുതു കാണ്ഡങ്ങൾ.
കൊലവിളിയാളിക്കത്തിച്ചഗ്നിയി-
ലെരിഞ്ഞുതീരും ദൈന്യങ്ങൾ
പിടയും പ്രാണൻ രക്ഷിക്കാനായ്
കൈയും നീട്ടിക്കേഴുമ്പോൾ
കണ്ണുകൾ കാതുകളറിയാതങ്ങനെ-
യറുകൊലയലറിവിളിക്കുന്നൂ.
പാലു കൊടുത്തു വളർത്തും പകകൾ
പത്തിവിടർത്തിപ്പായുമ്പോൾ
പലവഴിയോടുന്നുയിരുക-
ളുയിരിനെയെവിടെയൊളിപ്പിക്കും
ഉയിരില്ലാത്തൊരുപാറക-
ളഭയംനൽകുന്നലിവോടെ
വിടവുകൾ നൽകീപാറകൾ
വിറയൊടു ജീവൻപിടയുംദേഹം
കൊത്തിനുറുക്കീട്ടൊഴുകുംചൊര-
ക്കളിയതു കണ്ടു രസിപ്പതു കാണാൻ
തളർന്നു വീഴും കുരുന്നു മെയ്യിൽ
ക്രൌര്യപ്പേക്കൂത്താടിരസിപ്പതു കാണാൻ
കിളുന്നു കാലുകൾ വലിച്ചു കീറി-
ത്തീയിലെറിഞ്ഞു കളിപ്പതു കാണാൻ
മറവുകൾനൽകീപാറകൾ
തൊണ്ടയിലെത്തിയനിലവിളി
പൊത്തിപ്രാണൻപേണി ശ്വാസ-
മടക്കിയൊതുങ്ങിയിരിക്കാൻ
പേണിയെടുത്തൊരു പ്രാണൻപ്രാഞ്ചി-
ഗ്ഗതിയില്ലാതലയുന്നതുകാണാൻ
മറവുകൾ വേണ്ടാ,വിടവുകൾ വേണ്ടാ
നരമേധത്തെരുവിൻപൊതു കാഴ്ചകളല്ലോ
കണ്ടതു മായ്ക്കാൻ കഥകൾ ചമയ്ക്കും
കർമ്മത്തിൻപുതുകാഥികരേ,
ഭീതി വിടർത്തുംകണ്ണുകൾചുറ്റും
കണ്ടതു കാഴ്ചകളല്ലെന്നോ?.