2023 ഒക്‌ടോബർ 17, ചൊവ്വാഴ്ച

Shyalaja പി Ambu

 

ഓർമ്മകളിൽ സൂക്ഷിക്കാൻ ഒരാൽമരം.


ഷൈലജ പി. അംബു


 

ഞാൻ അഞ്ചാം ക്ലാസ് മുതൽ പത്ത് വരെ പഠിച്ചത് തിരുവനന്തപുരത്ത് വഴുതക്കാടുള്ള ഗവൺമെൻറ് കോട്ടൻഹിൽ സ്കൂളിലാണ്.അന്ന് ഒമ്പതാം ക്ലാസിലെ മലയാളം അധ്യാപിക സീതമ്മാൾ ടീച്ചറാണ്. ടീച്ചറും എന്‍റെ അമ്മയും അക്കാലത്ത് പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ പ്രവർത്തകരാണ്. അതുകൊണ്ടുതന്നെ മുന്നിലത്തെ ബെഞ്ചിൽ ഇടത്തെ അറ്റത്ത് ഇരിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ എന്നെ ടീച്ചർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഞാൻ പാടുമെന്ന് ടീച്ചറിന് നന്നായി അറിയാം. അതുകൊണ്ട് പാഠഭാഗത്തിലെ കവിതകൾ വായിക്കുവാൻ ടീച്ചർ എന്നെ നിയോഗിച്ചിരുന്നു. ഞാനും എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി സുവർണ്ണയുമാണ് ആ വർഷത്തെ മലയാളം ക്ലബ്ബിലേക്ക് ഞങ്ങളുടെ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

ഒഎൻവി കുറുപ്പ് സാറിന്‍റെ കവിത ആവണിപ്പാടം അക്കൊല്ലം ഞങ്ങൾക്ക് പഠിക്കുവാൻ ഉണ്ടായിരുന്നു.സീതമ്മാൾ ടീച്ചർ വളരെ ഹൃദ്യമായി പഠിപ്പിച്ചു. സ്കൂളിൽ നിന്നും ഏകദേശം അര കിലോമീറ്റർ അകലെയാണ് കവി താമസിക്കുന്നത്. അവിടെ അടുത്താണ് എന്നല്ലാതെ വീട് അറിയില്ല. ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ് ടീച്ചന്‍റെ അനുവാദത്തോടെടീച്ചർ പറഞ്ഞു തന്ന വഴിയെ ഞങ്ങൾ മലയാളം  ക്ലബ്ബിലെ കുട്ടികൾ കവിയെ കാണാൻ പുറപ്പെട്ടു. വീടിന്‍റെ ഉമ്മറത്ത് അദ്ദേഹം ചാരു കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഓരോരുത്തരേയും പരിചയപ്പെട്ടു. വായിച്ച പുസ്തകങ്ങളെപ്പറ്റി ചോദിച്ചു. വായിക്കേണ്ട പുസ്തകങ്ങളെപ്പറ്റി പറഞ്ഞു തന്നു. ഞാൻ സാറിന് മുന്നിൽ ആവണിപ്പാടം പാടി. ആ ഗുരുവിന്‍റെ കാലിൽ തൊട്ട് വന്ദിച്ച് ഞങ്ങൾ അവിടം വിട്ടിറങ്ങി. പിന്നീടങ്ങോട്ട് പല വേദികളിൽ കുഞ്ഞേടുത്തി ചൊല്ലി ഞാൻ സമ്മാനങ്ങൾ വാങ്ങി .

ഞാൻ പിന്നീട് നാടകവും നാടൻപാട്ടുകളും എന്‍റെ ജീവിതമാർഗമാക്കി. 2005-ൽ സഖാവ് പന്ന്യൻ രവീന്ദ്രന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് കലാജാഥയിൽ പങ്കെടുക്കവേ ഒഎൻവി കുറുപ്പ് സാറിന്‍റെയുംസഖാവ് വി.എസ്. അച്യുതാനന്ദന്‍റെയും മുന്നിൽ നാടകം അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. നാടകാവതരണത്തിന് ശേഷം അരികിൽ വന്ന് 'നന്നായി അഭിനയിച്ചുഎന്ന് അദ്ദേഹം അഭിനന്ദിച്ചു.

 

എല്ലാ മലയാളികളേയും പോലെ ജീവിത യാത്രയിൽ സന്തോഷത്തിലും, വേദനയിലും, പ്രണയത്തിലുംവിരഹത്തിലും ,മരണത്തിലും ഒഎൻവി എന്ന കവിയും ഗാനരചയിതാവും ഒപ്പമുണ്ട് .പിന്നീട് അദ്ദേഹത്തിന്‍റെ എൺപതാം പിറന്നാൾ വിവിധ സംഘടനകൾ സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഞങ്ങൾ, മാനവീയം തെരുവോരക്കൂട്ടത്തിന്‍റെ പ്രവർത്തകർവിസ്മയ മാക്സിലെ ചിത്രകലാകാരന്മാരുടെ സഹായത്തോടെ, മാനവീയം വീഥിയിൽ അദ്ദേഹത്തിന്‍റെ ഉജ്ജയിനി എന്ന കവിതയുടെ ചുവർ ചിത്ര രചന നടത്തി.അനാരോഗ്യത്തിനിടയിലും അദ്ദേഹം വന്ന് ആ ചിത്രങ്ങൾ കണ്ടു .ആഘോഷവേളയിൽ അദ്ദേഹത്തിന് ലഭിച്ച ആൽമരം (സഹസ്ര പൂർണിമാ വൃക്ഷം) അദ്ദേഹം സുഗതകുമാരി ടീച്ചറിനെ ഏൽപ്പിച്ചിരുന്നു. ടീച്ചർ അതിനോടൊപ്പം അതേ ചട്ടിയിൽ ഒരു ചെമ്പക ത്തൈയ്യും നട്ടു വെച്ചു. ഒരിക്കൽ മാനവീയം വീഥിയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി സുഗതകുമാരിടീച്ചറെ കാണാൻ ചെന്നപ്പോൾ 'ഇവ നടുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മാനവീയം വീഥിയാണ്' എന്ന് പറഞ്ഞ് ആ തൈകൾ ടീച്ചർ ഞങ്ങൾക്ക് സമ്മാനിച്ചു. പിന്നീട് ടീച്ചർ നേരിട്ട് വന്ന് അവ മാനവീയം വീഥിയിൽ നട്ടു. മലയാളത്തിലെ രണ്ട് പ്രിയപ്പെട്ട കവികളുടെയും ഓർമ്മമരങ്ങൾ ഒരുമിച്ച് മാനവീയം വീഥിയിൽ വളരുന്നു.

ഇവിടെ ഞങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് പുതിയ കാലത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് .....

2023 സെപ്റ്റംബർ 23, ശനിയാഴ്‌ച

സ്വാതന്ത്ര്യപ്പെരുമകൾ

 സ്വാതന്ത്ര്യപ്പെരുമകൾ കൊട്ടി -

പ്പാടാൻ വരു വരു സോദരരേ

സ്വാതന്ത്ര്യക്കൊടികളുയർത്താ-

നൊന്നിച്ചൊന്നായണിചേരൂ.


സ്വാതന്ത്ര്യക്കാറ്റതുവഴിയിതുവഴി

നമുക്കു ചുറ്റും വീശട്ടേ

ജീവിതവഴിയിൽ വിലങ്ങുതീർക്കും

ദുർമ്മോഹങ്ങൾ തകരട്ടേ


വാക്കിൽനോക്കിലുടുപ്പിൽ നടപ്പിൽ

നമുക്കു നാമേയധികാരി

അതിന്നെതിരേ നീളും ചങ്ങല

പൊട്ടിച്ചെറിയാം പോരാടാം


നിർഭയമുണരും ചേതന നീളേ

കർമ്മപഥങ്ങളൊരുക്കട്ടെ  

ചിന്തയുരുക്കിപ്പുതുലോകം നാം

തീർക്കുക സ്നേഹജ്വാലകളാൽ.

2023 ഓഗസ്റ്റ് 26, ശനിയാഴ്‌ച

ഓണം

 ഓണം പലകുറി വന്നുപോയി

ഓണത്തിന്നോർമ്മ പലതുമായി 

ഓണക്കളികളും പാട്ടുമായി

ഓർമ്മപ്പെരുമകൾ കാതിലെത്തി 


ഓണങ്ങൾ പിന്നെയും വന്നുപോകെ

ഓണത്തിനാഹ്ലാദം പങ്കുവച്ചോർ

ഓർമ്മതന്നോളപ്പരപ്പുകളി-

ലോരോന്നായെങ്ങോകൊഴിഞ്ഞു വീണു 

ഓണപ്പഴമകൾ പാടിപ്പാടി

ഓർമ്മകളോരോന്നായവിറക്കി 

ഓരോ പഴമക്കാരൊത്തുകൂടി 

ഓണപ്പഴമയിലഭിരമിപ്പൂ  




ഓണപ്പുതുമകളേറ്റു വാങ്ങി

ഓണം പുതുമക്കാർ തോളിലേറ്റി

ഓണം പുതുക്കിമിനുക്കിടുന്നോർ

ഓണത്തിൻ നേരവകാശികളായ് 

ഓണമീണ്ണിൽ നിറഞ്ഞു നിൽക്കും

ഓരോരോ കാലഗതികൾ പോലെ


ഓണപ്പഴമ പഴമതന്നെ

ഓണപ്പുതുമകളോണമായി

ഓണമിന്നോരോമനസ്സിലുമ

ങ്ങാഘോഷപ്പെരുമ്പറ കൊട്ടിടട്ടെ.

അമ്മയോണം

 ഓണമെന്നോർമ്മയിലമ്മയായീ

മുന്നിൽനിറഞ്ഞു ചിരിച്ചുനിൽപ്പൂ

നഷ്ടവസന്തങ്ങൾ ഓണച്ചിറകേറി

ഇഷ്ടസ്വപ്‌നങ്ങളായ്‌ വന്നണഞ്ഞൂ


ഏഴുന്നിലകളിൽ മാലചാർത്തി

ഏഴുതിരിയിട്ടലങ്കരിച്ച

ഉത്രാടപ്പൊൻവിളക്കിന്നഴകിൽ

അമ്മതൻ സ്നേഹം തിരികൊളുത്തീ


മുറ്റത്തെപ്പൂക്കളം വാരിവിതറിയ ചന്തപ്പൊലിമയായമ്മനിന്നൂ.

ഊഞ്ഞാലിലാടുന്നപാട്ടിന്റെ ഈരടി

ഈണമായമ്മ ഹരം പകർന്നൂ

തൂശനിലയിൽവിളമ്പിവച്ച

കറികളിൽ നിറവും മണവുമായീ

രുചിപകർന്നമ്മ നിരന്നിരുന്നൂ

ഓർമ്മയിലോണമായമ്മണിന്നൂ


ഓണക്കളികളിൽതുള്ളിത്തുളുമ്പുമൊ -

രുത്സാഹമായെന്റെയമ്മനിന്നൂ.

വല്ലായ്മയെങ്ങോഒതുക്കിവച്ചി -

ട്ടാഹ്ലാദമാർക്കും പകർന്നു നല്കീ

ഓണമിങ്ങോർമ്മയായമ്മനിന്നൂ.

ഓണമിങ്ങോർമ്മയായമ്മനിന്നൂ.