2021 ജൂലൈ 20, ചൊവ്വാഴ്ച

ഇനിയില്ല പിന്മടക്കം

 .,ഇനിയില്ല പിന്മടക്കം 


അറിവിന്റെ കോട്ടകൾ വെട്ടിപ്പിടിച്ചു  നാ-

മെരിയുന്നകാലം  കടന്നുവന്നു .   അരക്കിട്ടുറപ്പിച്ചൊരാചാരമൊക്കെയു -

മുരുകുന്ന നെയ്യായൊലിച്ചുപോയി .


പൂവിട്ടു പൂജിച്ചു വഞ്ചിച്ചു ഞങ്ങളെ 

വരുതിക്കു  നിർത്തിയിക്കാലമെന്നും 

ആചാരക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞിതാ 

വന്മല കേറിവരുന്നു ഞങ്ങൾ 


ഇനിയില്ല ചങ്ങല കൈയിനും കാലിനു -

മിനിയില്ലചങ്ങല മനസ്സിന്റെ കോണിലും 

ഇനിയില്ലിരുളിന്റെ വാതിൽ തേടി 

ഇനിയില്ലിനിയില്ല പിന്മടക്കം 

ഇനിയിലില്ലിയില്ല പിന്മടക്കം .

2021 ജൂലൈ 14, ബുധനാഴ്‌ച

തിരുവാതിര, സ്വാഗതം

 സ്വാഗതം സ്വാഗതം സ്വാഗതമോതുന്നു

സാഹിതീസംഘത്തിൻസുസ്വാഗതം

സംഘത്തിൻ വേദിയിലെത്തിയ നിങ്ങൾക്കായ്

സാമോദമോതട്ടേ സ്വാഗതങ്ങൾ.


പണ്ടുപണ്ടീനാട്ടിലുണ്ടായിരുന്നൊരാ

മാവേലി വാണ നാളോർത്തീടണം

എല്ലാർക്കുമെങ്ങും സമത്വം സുരക്ഷയു-

മെന്നുമീസംഘത്തിൻ ലക്ഷ്യമല്ലോ


മാനിനിമാരേറ്റു വാങ്ങും ദുരിതങ്ങൾ

മാലോകരെല്ലാമറിഞ്ഞിടേണം 

ആജീവനാന്തമടുക്കളക്കോലായിൽ

ചങ്ങലക്കുള്ളിൽ പിടഞ്ഞതല്ലേ


സ്ത്രീപീഡനങ്ങളും പെൺവാണിഭങ്ങളും

നേരിൽ മുഖാമുഖം കണ്ടു നിൽക്കെ

ഞെട്ടിപ്പിടഞ്ഞവർ നാരികൾ നമ്മളീ -

യന്യായമൊക്കെയൊതുക്കിടേണം


      ചിന്തകളെത്തളയ്ക്കുന്ന

      മാമൂലുകൾതകരട്ടെ,

       ഞെരിയട്ടെ വിലങ്ങുകൾ ചങ്ങലകളും

      വലിച്ചിതു പൊട്ടിക്കനാം

       കടക്കുക പുറംലോകം

       ഉമ്മാക്കികൾ കണ്ടു നമ്മൾ ഭയപ്പെടേണ്ട


പെണ്ണിൻ മനം പെണ്ണിൻ ചിന്ത

പെണ്ണിൻ കാഴ്ച പെണ്ണിൻ വാക്ക്

മന്നിൽത്തന്നെ വിണ്ണു കാട്ടും

പൊന്നിൻ വിളക്ക്


 വിളക്കിതു കത്തിക്ക നാം,

 നിലവായിപ്പരക്കട്ടെ

ഇരുളുകളകലട്ടെ, കുടിലതയും.

 

 ഓർമ്മയുടെ ചെപ്പുകളിലൊളിപ്പിച്ച പൊന്നോണത്തെ                                                        ഒരുമതൻകാഹളത്താൽ വരവേൽക്ക നാം.  


കുമ്മിയടിക്കുവിൻ കുമ്മിയടിക്കുവിൻ

കുമ്മിയടിക്കുവിൻ തോഴിമാരേ                      

കുമ്മിയടിക്കുവിൻ കുമ്മിയടിക്കുവിൻ

   കുമ്മിയടിക്കുവിൻ തോഴിമാരേ

 പണ്ടു നാം ചെയ്തോരബദ്ധങ്ങളിന്നു നാ- മാചാരമാക്കി പുലർത്തിടേണ്ട.            

  കല്യാണ ധൂർത്തുക,ളാചാരക്കൂത്തുക-ളൊക്കെയും നമ്മെ പിഴിഞ്ഞിടുന്നു             ആചാര,മാർഭാട,മാഘോഷമെത്രയോ          ജീവിതം ചാമ്പലായ്മാറ്റിയെന്നോ 

 കുമ്മിയടിച്ചു മദിച്ചു രസിക്കുമ്പോൾ             നമ്മളെ നമ്മളറിഞ്ഞിടേണം                             തൊട്ടിലാട്ടീടും കരങ്ങളിൽ നാടിന്റെ                  ഭാവി സുരക്ഷിതമായിരിക്കും.

2021 ജൂൺ 30, ബുധനാഴ്‌ച

കഴുകൻ

 നാട്ടുച്ച നേരം

 ഭൂഗോളം പൊതിഞ്ഞെടുക്കാനായുന്ന പുകച്ചുരുൾ

മരച്ചില്ലയിൽ

തണൽ പറ്റിയിരുന്ന കിളികൾ

ഇരിക്കപ്പൊരുതിയില്ലാതെ

തലയറഞ്ഞ് നിലവിളിച്ചു പറന്നു


എണ്ണ മയമുള്ള പുകച്ചുരുൾ

അത്രത്ര വേഗമാണ് പരക്കുന്നത്?


പരന്നു നിറയുന്ന പുക,

വിടർത്തിയ ചിറകുപോലെ

തൊണ്ടയിൽ കനയ്ക്കുന്ന

ചുവയോടെ, എരിപൊരിക്കൊള്ളുന്ന

മനസ്സോടെ ഉയിരുകൾ

പരസ്പരം നോക്കി പതുങ്ങിയിരുന്നു

പുകച്ചുരുളിന് കാണെക്കാണെ

കൂർത്ത കൊക്കും നഖങ്ങളും

ചോര ക്കണ്ണും തലയും

ഒരു നിമിഷം ആ പുകച്ചിറക്

എല്ലാം കൊക്കിലൊതുക്കി

അതൊരു കഴുകനായിരുന്നു

എണ്ണക്കൊതിയുള്ള കഴുകൻ.  



വേൾഡ് സോഷ്യൽ ഫോറം, മുംബൈ.

 കുടിലനീതി കട്ടെട്ടുത്ത

കാനവുകടെ കഥ പറഞ്ഞു

 നിനവുകടെ, നിറവുകടെ

പാട്ടുപാടി പാട്ടിനൊത്തു

 ചുവടു വച്ചു കടലുതാണ്ടി

കരകടന്നു വന്നവർനമ്മൾ

കാലിനടിയിലൂർന്നു പോയ

മൺതരിയുടെ മഹിമയാർന്നു

കനിവുപോലെയുറവ വറ്റും

ദാഹനീരിൻചൂടറിഞ്ഞു


മണ്ണിൽ വിളയും വിള വയറി -

നന്യമാക്കിയ കാര്യമോർത്ത്

ചങ്കുപൊട്ടി നെഞ്ചറഞ്ഞു

നിലവിളിച്ചു ഞങ്ങൾ പാടി


കഥ പറയും വാക്കുകളും

കവിതപാടും രാഗവും

ചുവടു വയ്ക്കും താളവും

കലമെനയും കരവിരുതും

കൈയൊഴിഞ്ഞ കദനമോർത്ത്

കരളുരുകിയുറവപൊട്ടി

ഉറവയെല്ലാമൊത്തുകൂടി

തീ നദിയായ് ചേർന്നൊഴുകി


കണ്മണിയുടെ ചോരയും

പെൺമണിയുടെമാനവും

ധീരതരുണ വീരവും

നമ്മിലുണരും ശൗര്യവും

കവർന്നെടുത്ത തേതു തന്ത്രം?

ഏതു തന്ത്രമേതു മന്ത്രം?