2023 ഒക്‌ടോബർ 17, ചൊവ്വാഴ്ച

Shyalaja പി Ambu

 

ഓർമ്മകളിൽ സൂക്ഷിക്കാൻ ഒരാൽമരം.


ഷൈലജ പി. അംബു


 

ഞാൻ അഞ്ചാം ക്ലാസ് മുതൽ പത്ത് വരെ പഠിച്ചത് തിരുവനന്തപുരത്ത് വഴുതക്കാടുള്ള ഗവൺമെൻറ് കോട്ടൻഹിൽ സ്കൂളിലാണ്.അന്ന് ഒമ്പതാം ക്ലാസിലെ മലയാളം അധ്യാപിക സീതമ്മാൾ ടീച്ചറാണ്. ടീച്ചറും എന്‍റെ അമ്മയും അക്കാലത്ത് പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ പ്രവർത്തകരാണ്. അതുകൊണ്ടുതന്നെ മുന്നിലത്തെ ബെഞ്ചിൽ ഇടത്തെ അറ്റത്ത് ഇരിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ എന്നെ ടീച്ചർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഞാൻ പാടുമെന്ന് ടീച്ചറിന് നന്നായി അറിയാം. അതുകൊണ്ട് പാഠഭാഗത്തിലെ കവിതകൾ വായിക്കുവാൻ ടീച്ചർ എന്നെ നിയോഗിച്ചിരുന്നു. ഞാനും എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി സുവർണ്ണയുമാണ് ആ വർഷത്തെ മലയാളം ക്ലബ്ബിലേക്ക് ഞങ്ങളുടെ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

ഒഎൻവി കുറുപ്പ് സാറിന്‍റെ കവിത ആവണിപ്പാടം അക്കൊല്ലം ഞങ്ങൾക്ക് പഠിക്കുവാൻ ഉണ്ടായിരുന്നു.സീതമ്മാൾ ടീച്ചർ വളരെ ഹൃദ്യമായി പഠിപ്പിച്ചു. സ്കൂളിൽ നിന്നും ഏകദേശം അര കിലോമീറ്റർ അകലെയാണ് കവി താമസിക്കുന്നത്. അവിടെ അടുത്താണ് എന്നല്ലാതെ വീട് അറിയില്ല. ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ് ടീച്ചന്‍റെ അനുവാദത്തോടെടീച്ചർ പറഞ്ഞു തന്ന വഴിയെ ഞങ്ങൾ മലയാളം  ക്ലബ്ബിലെ കുട്ടികൾ കവിയെ കാണാൻ പുറപ്പെട്ടു. വീടിന്‍റെ ഉമ്മറത്ത് അദ്ദേഹം ചാരു കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഓരോരുത്തരേയും പരിചയപ്പെട്ടു. വായിച്ച പുസ്തകങ്ങളെപ്പറ്റി ചോദിച്ചു. വായിക്കേണ്ട പുസ്തകങ്ങളെപ്പറ്റി പറഞ്ഞു തന്നു. ഞാൻ സാറിന് മുന്നിൽ ആവണിപ്പാടം പാടി. ആ ഗുരുവിന്‍റെ കാലിൽ തൊട്ട് വന്ദിച്ച് ഞങ്ങൾ അവിടം വിട്ടിറങ്ങി. പിന്നീടങ്ങോട്ട് പല വേദികളിൽ കുഞ്ഞേടുത്തി ചൊല്ലി ഞാൻ സമ്മാനങ്ങൾ വാങ്ങി .

ഞാൻ പിന്നീട് നാടകവും നാടൻപാട്ടുകളും എന്‍റെ ജീവിതമാർഗമാക്കി. 2005-ൽ സഖാവ് പന്ന്യൻ രവീന്ദ്രന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് കലാജാഥയിൽ പങ്കെടുക്കവേ ഒഎൻവി കുറുപ്പ് സാറിന്‍റെയുംസഖാവ് വി.എസ്. അച്യുതാനന്ദന്‍റെയും മുന്നിൽ നാടകം അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. നാടകാവതരണത്തിന് ശേഷം അരികിൽ വന്ന് 'നന്നായി അഭിനയിച്ചുഎന്ന് അദ്ദേഹം അഭിനന്ദിച്ചു.

 

എല്ലാ മലയാളികളേയും പോലെ ജീവിത യാത്രയിൽ സന്തോഷത്തിലും, വേദനയിലും, പ്രണയത്തിലുംവിരഹത്തിലും ,മരണത്തിലും ഒഎൻവി എന്ന കവിയും ഗാനരചയിതാവും ഒപ്പമുണ്ട് .പിന്നീട് അദ്ദേഹത്തിന്‍റെ എൺപതാം പിറന്നാൾ വിവിധ സംഘടനകൾ സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഞങ്ങൾ, മാനവീയം തെരുവോരക്കൂട്ടത്തിന്‍റെ പ്രവർത്തകർവിസ്മയ മാക്സിലെ ചിത്രകലാകാരന്മാരുടെ സഹായത്തോടെ, മാനവീയം വീഥിയിൽ അദ്ദേഹത്തിന്‍റെ ഉജ്ജയിനി എന്ന കവിതയുടെ ചുവർ ചിത്ര രചന നടത്തി.അനാരോഗ്യത്തിനിടയിലും അദ്ദേഹം വന്ന് ആ ചിത്രങ്ങൾ കണ്ടു .ആഘോഷവേളയിൽ അദ്ദേഹത്തിന് ലഭിച്ച ആൽമരം (സഹസ്ര പൂർണിമാ വൃക്ഷം) അദ്ദേഹം സുഗതകുമാരി ടീച്ചറിനെ ഏൽപ്പിച്ചിരുന്നു. ടീച്ചർ അതിനോടൊപ്പം അതേ ചട്ടിയിൽ ഒരു ചെമ്പക ത്തൈയ്യും നട്ടു വെച്ചു. ഒരിക്കൽ മാനവീയം വീഥിയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി സുഗതകുമാരിടീച്ചറെ കാണാൻ ചെന്നപ്പോൾ 'ഇവ നടുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മാനവീയം വീഥിയാണ്' എന്ന് പറഞ്ഞ് ആ തൈകൾ ടീച്ചർ ഞങ്ങൾക്ക് സമ്മാനിച്ചു. പിന്നീട് ടീച്ചർ നേരിട്ട് വന്ന് അവ മാനവീയം വീഥിയിൽ നട്ടു. മലയാളത്തിലെ രണ്ട് പ്രിയപ്പെട്ട കവികളുടെയും ഓർമ്മമരങ്ങൾ ഒരുമിച്ച് മാനവീയം വീഥിയിൽ വളരുന്നു.

ഇവിടെ ഞങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് പുതിയ കാലത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് .....