Entry No. 2057
V Seethammal
ഓർമ്മകളിലെ യാത്രാവിവരണ മത്സരം
#Swapnatheeram
സ്വപ്നതീരം വഴി മധ്യേന്ത്യയില്‍
'ലോക് ഡൗൺ കാലത്ത് യാത്രകൾ പറ്റില്ല, അതിനാൽ യാത്രകൾ ഓർത്തെടുക്കാം,'
അതു നന്നായി. യാത്രകൾ പോലെതന്നെ സന്തോഷം തരുന്നവയാണ് യാത്രയെക്കുറിച്ചുള്ള ഓർമ്മകളും. സ്വപ്നതീരത്തോടൊപ്പവും അല്ലാതെയും ധാരാളം യാത്രകൾ ചെയ്തിട്ടുണ്ട്, രാജ്യത്തും വിദേശത്തുമായി. ഒരു യാത്രാവിവരണക്കുറിപ്പെഴുതണ മെന്നോർത്തപ്പോൾ ഏത് യാത്രയെക്കുറിച്ച് വേണമെന്ന് ഒരു കൺഫ്യൂഷൻ. ഏറ്റവും ഒടുവിൽ സഞ്ചരിച്ച മധ്യപ്രദേശ് യാത്രയെക്കുറിച്ചാകാമെന്ന് ഇപ്പോൾ തോന്നുന്നു. അതാവുമ്പോൾ ഓർത്തെടുക്കാൻ എളുപ്പമാവും.
യാത്രകൾ എന്ന് കേൾക്കുമ്പോൾ വാലും പൊക്കിച്ചാടുന്ന എനിക്ക് ഏതു യാത്രയും ഹരമാണ്. സ്വപ്നതീരത്തിന്‍റെ മധ്യപ്രദേശ് യാത്രയുടെ അറിയിപ്പ് കണ്ടപ്പോൾ പ്രത്യേകിച്ച് താത്പര്യം തോന്നി. ഖജുരാഹോ എത്രയോ കാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു അഭിലാഷമാണ്, ഒരുപക്ഷേ സ്കൂൾ വിദ്യാർഥി യായിരിക്കുമ്പോൾ ത്തന്നെ. പിന്നെ ഉജ്ജയിനി. കാളിദാസനുമായി ബന്ധപ്പെട്ട എന്തെല്ലാമോ അവിടെ അവശേഷിക്കുന്നുണ്ടെന്നൊരു ധാരണ മനസ്സിലുണ്ട്. ആഷാഢമാസത്തിലെ മേഘം, ഉജ്ജയിനി തുടങ്ങിയ കൃതികൾ മനസ്സിനെ എത്രമാത്രം ഹരിച്ചിട്ടുണ്ടെന്ന് പറയാനാവില്ല. ഉജ്ജയിനി അങ്ങനെ വലിയൊരു മിത്തായി മനസ്സിലുണ്ട്. ഖജുരാഹോയും ഉജ്ജയിനിയും ഉൾപ്പെടുന്ന യാത്രയായതുകൊണ്ടുതന്നെ മധ്യപ്രദേശ് യാത്ര അടങ്ങാത്ത അഭിനിവേശമായി. സ്ഥിരം യാത്രക്കാരായതുകൊണ്ട് യാത്രയ്ക്കുള്ള ഒരുക്കങ്ങൾക്ക് വലിയ പ്രയാസമൊന്നുമുണ്ടായില്ല. വിശേഷിച്ചും സ്വപ്നതീരത്തോടോപ്പമുള്ള യാത്ര. വളരെ ലാഘവത്തോടെ യാത്ര ചെയ്യാവുന്ന ഒരു ഗ്രൂപ്പാണ് സ്വപ്നതീരം. ഒരുപ്രശ്നം മാത്രം ട്രെയിനിലാണ് യാത്ര, ദിവസങ്ങളോളം പോകും യാത്രയ്ക്ക്. പക്ഷേ രാജ്യത്തിന്‍റെ നേർക്കാഴ്ചകൾ അനുഭവവേദ്യമാകുന്നുവെന്നൊരു മെച്ചമുണ്ട്, ട്രെയിൻ യാത്രക്ക്. ഓഫീസിൽ നിന്ന് യാത്രാദിവസത്തേക്കുള്ള അവധിയെടുത്തു.
അങ്ങനെ, മധ്യപ്രദേശിലേക്ക് ഫെബ്രുവരി 18ന് രാവിലെ തിരുവനന്തപുരത്തുനിന്ന് ജനശതാബ്ദിയിൽ യാത്ര തിരിച്ചു. ഇവിടെ നിന്ന് ഞങ്ങൾ അഞ്ചു പേർ. ഞാനും ഭർത്താവ് ഡോ.എസ്. രാജശേഖരനും കൂടാതെ ശ്രീകണ്ഠൻ, ചന്ദ്രൻഉണ്ണിത്താൻ. രാധാകൃഷ്ണൻ നായർ എന്നിവർ. ട്രെയിനിൽ എറണാകുളത്തിറങ്ങി. അവിടെ നിന്നും സുകുമാരൻ സാർ ഒപ്പം കൂടി. എറണാകുളത്തു നിന്നും നിസ്സാമുദ്ദീൻ-മംഗള എക്സ്പ്രസ്സിൽ ഗ്വാളിയാറിലേക്ക്. യാത്രക്കിടയിൽ തലശ്ശേരിയിൽ നിന്ന് രണ്ടു പേർ. മറ്റുള്ളവർ കണ്ണൂർ, കാസര്‍കോഡ് എന്നിവിടങ്ങളില്‍ നിന്നും. ആകെ മധ്യപ്രദേശ് യാത്രയിൽ 23പേർ. ടീം മാനേജർ ഷിംജു. ട്രെയിൻ കാസർകോട്ടെത്തിയപ്പോൾ തിരുവനന്തപുരത്തെ സുഹൃത്തായ എം.കെ. രാജേന്ദ്രൻ പഴങ്ങളുമായി സ്റ്റേഷനിൽ കാത്തുനിന്നു. തിരുവനന്തപുരത്തുനിന്നും ബന്ധുവീട്ടിലെത്തിയ രാജേന്ദ്രൻ ഞങ്ങൾക്ക് യാത്രക്കിടയിൽ കഴിക്കാൻ പഴങ്ങളുമായാണ് കാത്തുനിന്നത്. അദ്ദേഹത്തിന്റെ വലിയ സൗഹൃദമനസ്സിന് നന്ദി.
ഇന്ത്യയുടെ വിരിമാറിലൂടെ സംസ്ഥാനങ്ങൾ പിന്നിട്ടു പിന്നിട്ട് വൈവിധ്യപൂര്‍ണങ്ങളായ കാഴ്ചകളും കണ്ടുകണ്ടങ്ങനെ രണ്ടു പകലുകളും രണ്ടു രാത്രികളും കഴിഞ്ഞ് 20ന് രാവിലെ പത്തു മണിയോടെ ഗ്വാളിയാറിലെത്തി. അത്ര വലിയ ക്ഷീണമൊന്നും തോന്നിയില്ല. സ്റ്റേഷന് തൊട്ടടുത്തു തന്നെയുള്ള Ambiena എന്ന ഹോട്ടലിലാണ് താസസൗകര്യം ഒരുക്കിയിരുന്നത്. മുറിയിൽ വന്ന് കുളിയും മറ്റും കഴിഞ്ഞ് പ്രഭാത ഭക്ഷണത്തിനുശേഷം 11.30ന് സൈറ്റ് സീയിങ്ങിനു പോകാൻ ലൗഞ്ചിലെത്തി. വാഹനം, ഗൈഡ് എല്ലാം അവിടെ റെഡി. ഗൈഡ് മനൻ. കക്ഷി തരക്കേടില്ല, ഉച്ചരാണം ചിലപ്പോഴൊന്നും വ്യക്തമാകുന്നില്ലെന്നൊരു കുഴപ്പം മാത്രം.
ഗ്വാളിയാറിൽ ടാൻസൺ സ്മൃതികുടീരത്തിലേക്കാണ് ആദ്യം ഞങ്ങൾ പോയത്. പ്രസിദ്ധ സംഗീതജ്ഞനായ ടാൻസന്‍റെ ഗുരുവായ മുഹമ്മദ് ഗുവാസിന്‍റെ സ്മൃതികുടീരമുൾക്കൊള്ളുന്ന ചിത്രപ്പണികളോടുകൂടിയ സാമാന്യം വലിയൊരു വാസ്തുശില്പത്തിന് മുൻപിൽ യാത്രക്കാരെല്ലാം ഒത്തുകൂടിയിട്ട് ഗൈഡിന്‍റെ നേതൃത്വത്തിൽ ടാൻസൺ കുടീരത്തിനടുത്തേക്കു പോയി. ഹരിതാഭമായ ആരാമത്തിനു നടുവിലായി തുറന്ന മണ്ഡപത്തിലാണ് ടാൻസന്‍റെയും മകന്‍റെയും കുടീരങ്ങൾ കാണപ്പെട്ടത്. അതിനടുത്തുള്ള വൃക്ഷത്തിന്‍റെ ഇലകൾക്ക് സംഗീതസിദ്ധിയുണ്ടെന്ന വിശ്വാസം മൂലം അവിടെയെത്തുന്നവർ ആ മരത്തിന്‍റെ ഇലകൾ അതിവിശിഷ്ടവസ്തുപോലെ കൊണ്ടു പോകാറുണ്ടത്രെ. സൂഫി ഗുരുവര്യനായ മുഹമ്മദ് ഗുവാസിനെയും ടാൻസനെയും ഡംബന്ധിച്ച പല ഐതിഹ്യങ്ങളും നിലനിൽക്കുന്നു. ബ്രാഹ്മണനായ ടാൻസന്‍ അനാഥനും മൂകനുമായിരുന്നു. സൂഫിവര്യനായ മുഹമ്മദ് ഗുവാസിന്‍റെ അടുത്തെത്തിയ ഈ ബാലന്‍റെ നാവിൽ ഗുരു മുറുക്കാൻ തുപ്പൽ പുരട്ടിയെന്നും അതിന്‍റെ ദിവ്യത്വംകൊണ്ട് സംസാരിക്കാനും പിന്നീട് സംഗീതം അഭ്യസിച്ച് പ്രസിദ്ധനായ സംഗീതജ്ഞനാകാനും കഴിഞ്ഞെന്നുമാണ് ഒര് ഐതിഹ്യം. സൂഫി വര്യന്‍റെ ശിഷ്യനായതിനാൽ ബ്രാഹ്മണസമൂഹത്തിൽ നിന്ന് ടാൻസന്‍ പുറത്താക്കപ്പെടുകയും അങ്ങനെ അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തുവത്രേ. ടാൻസന്‍റെ ഭൗതിക ശരീരം കുടികൊള്ളുന്ന മണ്ഡപവും അതിനു ചുറ്റുമുള്ള ഹരിതാഭമായ ആരാമവും അതീവശാന്തമായിത്തോന്നി. അവിടെയുള്ള ഓരോ പുൽക്കൊടിക്കുമുണ്ട് ഓരോ ഐതിഹ്യം.
രാം താണു പാണ്ഡെ എന്നായിരുന്നു ടാൻസന്‍റെ യഥാർത്ഥ നാമം. രേവാരാജ്യത്തെ രാജാ രാമചന്ദ്ര സിംഗിന്‍റെ ആസ്ഥാനഗായകനായിരുന്ന ടാന്സനെ അദ്ദേഹത്തിന്‍റെ പ്രശസ്തിയിലാകൃഷ്ടനായി അക്ബർ ചക്രവർത്തി മുഗൾ കൊട്ടാരസദസ്സിലേക്ക് ക്ഷണിക്കുകയും തന്‍റെ സദസ്സിലെ നവരത്‌നങ്ങളിലൊന്നായി പരിഗണിക്കുകയും ചെയ്തുവെന്നുംപറയപ്പെടുന്നു.
പല ഉത്തരേന്ത്യൻ ഖരാനകളുടെയും പ്രതിഷ്ഠാപകനായി അറിയപ്പെടുന്ന ടാൻസന്റെ രചനകൾ ഹിന്ദുസ്ഥാൻ സംഗീതത്തിൽ ഏറ്റവും ആദരിക്കപ്പെടുന്നവയാണ്. സംഗീതലോകത്തെ മഹാത്ഭുതമായ ടാൻസന്‍റെ ഭൗതികശരീരം കുടികൊള്ളുന്ന മണ്ണിൽ കാലുകുത്താൻ കഴിഞ്ഞതിൽ, അദ്ദേഹത്തെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സംതൃപ്തയായി അതിനോട് ചേർന്നുള്ള മുഹമ്മദ് ഗുവാസിന്റെ സ്മൃതിമന്ദിരത്തിനകത്തേക്ക് പോയി.
വലുതും ചെറുതുമായ അനേകം ശവകുടീരങ്ങള്‍കൾ അവിടെ പലയിടത്തായി കാണപ്പെട്ടു. പൂർണ്ണമായും ആവരണം ചെയ്യപ്പെട്ടു കിടക്കുന്നവ സ്ത്രീകളുടേതാണെന്നും മറ്റുള്ളവ പുരുഷന്മാരുടേതാണെന്നും ഗൈഡ് വിശദമാക്കി. ഗുവാസിന്‍റെ ശവകുടീരത്തിനടുത്ത് വലിയ തിരക്ക് അനുഭവപ്പെട്ടു. അതിനു ചുറ്റും കമ്പിവലകൊണ്ട് സുരക്ഷിതവലയം തീർത്തിരിക്കുന്നു. അതിനു വെളിയിലായി ഭക്തിപരവശരായി സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ അനേകംപേർ മുട്ടുകുത്തിനിൽക്കുകയും ഇരിയ്ക്കുകയും നിൽക്കുകയുമെല്ലാം ചെയ്യുന്നുണ്ട് കമ്പിയഴികളിൽ നിറയെ നിവേദനങ്ങൾ, വിവാഹാദികളുടെ ക്ഷണക്കത്തുകൾ അങ്ങനെ പലതും കെട്ടിയിട്ടിരിക്കുന്നു. വിവാഹിതരായ വധൂവരന്മാരും അവരുടെ ബന്ധുക്കളും സൂഫിവര്യന്‍റെ ആശീർവാദത്തിനായി അതിന്‍റെ മുന്നിൽ വന്നു നിൽക്കുന്നതുകണ്ടു. പുരോഹിതൻ ഏതോ ആചാര ക്രിയകൾ ചെയ്യുന്നുണ്ടായിരുന്നു. ഭക്തിപാരവശ്യത്താൽ വശംകെട്ട് തിങ്ങി നിറഞ്ഞ ആ പുണ്യസ്ഥലം വാസ്തവത്തിൽ അസ്വസ്ഥതയുണ്ടാക്കുകയാണുണ്ടായത്. ഏറ്റവും പവിത്രമായ സ്ഥാനംതന്നെ ഭക്ത്യതിരേകത്താൽ അസ്വസ്ഥജനകമാക്കുന്നതെങ്ങനെയെന്ന് ഈ കാഴ്ച ഓർമ്മപ്പെടുത്തി.
ആ സംഗീതപ്രതിഭയെക്കുറിച്ചുള്ള ആരാധനയും ഐതിഹ്യങ്ങളുടെ പെരുപ്പവും മനസ്സിലുരുക്കഴിച്ചുകൊണ്ട് സൂഫി വര്യന്‍റെ കുടീരത്തിനു മുമ്പിൽ അനുഭവിച്ച തിരക്കിന്‍റെ അസ്വസ്ഥതയുമായി അവിടെനിന്ന് യാത്രയായി.
അടുത്ത് കാണേണ്ടത് ഗുജരി മഹൽആണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തൊമർ വംശത്തിലെ രാജാവായ മാൻസിംഗ് തന്‍റെ ഒമ്പപതാമത്തെ പത്നിയായ മൃഗ്നയനിക്കു വേണ്ടി പണി കഴിപ്പിച്ച കൊട്ടാരമാണ് ഗുജരി മഹൽ. ഗുജർ (പാൽ ക്കാരുടെ) വംശത്തിൽ പ്പെട്ടയാളാണ് മൃഗ്നയനി എന്നതിനാലാണ് കൊട്ടാരം ഗുജരി മഹൽ എന്നറിയപ്പെടുന്നത്. റിയ നദിയിൽ നിന്ന് സദാ ജലവിതരണത്തിനു സൗകര്യമുള്ളതായ കൊട്ടാരം തനിക്ക് വേണമെന്ന് രാജ്ഞി ആവശ്യപ്പെട്ടതനുസരിച്ച് നിർമ്മിച്ചതാണത്രേ ഈ കൊട്ടാരം. 1922-ൽ ഗുജരിമഹൽ ആർക്കിയോളജിക്കൽ മ്യൂസിയമാക്കി മാറ്റി. ഈ മ്യൂസിയം യുനെസ്കോ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മ്യൂസിയത്തിന്‍റെ വളപ്പിലേക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത് ഒരു വലിയ സ്‌കൂളാണ്. അതിന്‍റെ ഒരു ഭാഗം സ്‌കൂളാക്കി മാറ്റിയിരിക്കുന്നതാണെന്നു തോന്നി. വിശാലമായ വളപ്പിനകത്ത് വാഹനം പാർക്ക് ചെയ്തിട്ട് മ്യൂസിയത്തിലേക്ക് പോയി. പഴയ കൊട്ടാരക്കെട്ടുകൾ അതിന്‍റെ പഴമ അങ്ങനെ തന്നെ നിലനിർത്തിയിരിക്കുന്നു. ആന, വ്യാളി, താമര തുടങ്ങി നിരവധി ചിത്രങ്ങൾ പുറം ചുവരുകളിലാകെയുണ്ട്. കാലമെത്ര കഴിഞ്ഞിട്ടും ചിത്രങ്ങളുടെ നീലയും മഞ്ഞയും വർണ്ണങ്ങൾ മങ്ങലേൽക്കാതെ നിലകൊള്ളുന്നു. മഞ്ഞയും നീലയും നിറങ്ങൾ കൃഷ്ണന്റേതാണെന്ന് ഗൈഡ് പറയുന്നുണ്ടായിരുന്നു. തികച്ചും അകൃത്രിമ ചായങ്ങൾ കൊണ്ട് നിർമ്മിച്ച നിറക്കൂട്ടുകൾ.
മ്യൂസിയത്തിന്‍റെ മുറ്റം നിറയെ കല്ലിൽ കൊത്തിയ ശില്പങ്ങൾ. ഓരോ ചെറു കല്ലുകളും ചിത്രങ്ങൾ കൊത്തി വച്ചിട്ടുള്ളവയാണ്. പിന്നീട് ഖജുരാഹോയിൽ വരാഹക്ഷേത്രത്തിൽ കണ്ട ഭീമാകാരമായ വരാഹത്തിന്‍റെ കുറേക്കൂടി ചെറിയ ശിൽപം ആ മുറ്റത്തെ ശേഖരത്തിൽ കണ്ടു. നിറയെ ചെറുചിത്രങ്ങൾ കൊത്തിയ വരാഹശില്പത്തിന്‍റെ പൂർണകായ ഫോട്ടോ പകർത്താൻ അവിടെ ഞങ്ങൾ പണിപ്പെട്ടു. അതേ കൊത്തുപണികളോടു കൂടിയ ഈ വരാഹ ശിൽപമാകട്ടെ, ഒരു സ്നാപ്പിൽ ഒതുങ്ങുന്നതാണ്. പിന്നെയും വളരെയേറെ ശിൽപ്പങ്ങൾ ആ തുറസ്സായ മുറ്റത്തു തന്നെയുണ്ട്. കല്ലിൽ കൊത്തിവച്ച പ്രതിമകൾ മഴയും വെയിലുമേറ്റാലും നശിച്ചുപോവില്ലല്ലോ. ചില ശില്പങ്ങൾ അംഗഭംഗം വന്നിരിക്കുന്നു. അതു കണ്ടു കഴിഞ്ഞു ഞങ്ങൾ മ്യൂസിയത്തിനകത്തേക്ക് കയറി.
ശില്പങ്ങളുടെ വൻശേഖരമുള്ള ആ കൊട്ടാരം ശരിക്കും അത്ഭുതപ്പെടുത്തി.
28 ഗ്യാലറികളും 9000 കരകൗശലവസ്തുക്കളുമുണ്ട് ഈ മ്യൂസിയത്തിൽ. വിലയേറിയ കല്ലുകൾ, ആഭരണങ്ങൾ, ടെറാക്കോട്ട വസ്തുക്കൾ, ആയുധങ്ങൾ, കരകൗശല വസ്തുക്കൾ, പെയിന്റിംഗുകൾ, ലിഖിതങ്ങൾ, മൺപാത്രങ്ങൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ലോകപ്രശസ്ത സാലഭഞ്ജിക യക്ഷി, ത്രിമൂർത്തി നടരാജ്, അർദ്ധ നാരീശ്വരൻ, അശോക സ്തംഭം എന്നിവയും ഈ മ്യൂസിയത്തിലെശേഖരത്തിൽപ്പെടുന്നു . പ്രാചീന ഭാരതത്തിന്റെ ശില്പ ചാതുരിയെ,കലാവൈഭവത്തെ, കുറിച്ച് അഭിമാനം തോന്നിച്ചു, ഈ കാഴ്ചകൾ.
ഗുജരി മഹലിൽ നിന്നുനോക്കിയാൽ ഗ്വാളിയാർ കോട്ട കാണാം. പക്ഷേ ആ കോട്ടയിലേക്ക് പോകാൻ കുറെയേറെ കയറ്റം കയറി പോകേണ്ടതുണ്ട്. ഇനി ഞങ്ങക്ക് അങ്ങോട്ടാണ് പോകേണ്ടത്. ഉച്ചഭക്ഷണത്തിനുള്ള സമയമായതിനാൽ ഞങ്ങൾ ഹോട്ടലിലേക്ക് പോയി.
ഭക്ഷണം കഴിഞ്ഞ്ഗ്വാളിയാർ കോട്ടയിലേക്ക് പോകുന്ന വഴി മദ്ധ്യേ ഗ്വാളിയാറിലുള്ള സൂര്യക്ഷേത്രത്തിൽ (വിവസ്വതൻ ക്ഷേത്ര ) കയറി.കൊണാർക്കിലെ സൂര്യക്ഷേത്രത്തിന്റെ മാതൃകയിൽ ഗ്വാളിയാറിൽ ബിർള നിർമ്മിച്ചിട്ടുള്ളതാണ് സൂര്യക്ഷേത്രം. മഹാദേവി ബിർള, ധനശ്യാം ബിർളഎന്നിവരുടെ പൂർണകായ പ്രതിമ ക്ഷേത്രത്തിന് മുന്നിൽത്തന്നെയുണ്ട്. ഏഴു കുതിരകളെപ്പൂട്ടിയരഥത്തിൽ സൂര്യൻ എന്നവിധത്തിലാണ് ക്ഷേത്ര നിർമ്മിതി, കൊണാർക്കിലെന്ന പോലെ. സൂര്യക്ഷേത്രവും പരിസരവുംചുറ്റി നടന്നു കണ്ടതിനു ശേഷം ഗ്വാളിയാർ കോട്ടയിലേക്കുപോയി.
മൂന്ന് ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചു നിൽക്കുന്ന ഈ കോട്ട നിരവധി ചരിത്ര സ്മാരകങ്ങൾ ഉൾക്കൊള്ളുന്നു. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ജലസംഭരണികളുമുൾപ്പെടെ. കോട്ടയുടെ ഒരു ഗേറ്റ് കടന്ന്
വലിയൊരു കുന്നിനു മുകളിലായുള്ള കൊട്ടാരത്തെ ലക്ഷ്യമാക്കി ഞങ്ങളുടെ വാഹനം കയറിപ്പോയി. അങ്ങു മുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിൽക്കുന്നുണ്ട്. അവരുടെ അനുവാദത്തോടെ മാത്രമേ വലിയ വാഹനങ്ങൾക്ക് കടന്നുപോകാനാവൂ. വലിയ കുന്നുകയറിപ്പോകുമ്പോൾ എതിരേ വാഹനങ്ങൾ വന്നാൽ അപകടമാകും. അതിനാൽ സുരക്ഷാഭടന്മാർ അവ നിയന്ത്രിച്ചു കടത്തിവിടാനാണ് മുൻകൂട്ടി അറിയിക്കണമെന്ന് ആവശ്യപ്പെടുന്നത്. കുന്നു തുരന്നുണ്ടാക്കിയ വഴിയുടെ വശത്തായി പാറവെട്ടി നിർമ്മിച്ചിട്ടുള്ള ജൈന തീർത്ഥങ്കരന്മാരുടെ ചെറുതും വലുതുമായ നിരവധി പ്രതിമകൾ കാണുന്നുണ്ടായിരുന്നു. 17.78 മീറ്റർ ഉയരമുള്ള ആദിനാഥ തീർത്ഥങ്കര പ്രതിമ അക്കൂട്ടത്തിലുണ്ട്. ബസ്സ് മുകളിലേക്ക് കയറിയപ്പോൾ ഭയം തോന്നി. എല്ലാവരും ശ്വാസം പിടിച്ചിരുന്നു. മുകളിലെത്തിയപ്പോൾ ആശ്വാസ മായി.
ഞങ്ങൾക്ക് മുന്നേ എത്തിയവർ ഒരു പടിക്കെട്ടിൽ കയറി നിൽക്കുന്നുണ്ടായിരുന്നു ഞങ്ങളും അങ്ങോട്ടുപോയി. ആ പടിക്കെട്ടിൽ കയറിനിന്നാൽ ഗ്വാളിയാർ നഗരമാകെ കാണാം. താഴെയുള്ള കൊക്കെയിലേക്ക് വീഴാതെ സൂക്ഷിച്ചു നിന്ന് ചിത്രങ്ങളെടുക്കുന്ന തിരക്കിലാണ് ആളുകൾ. ചിലർ അവിടെയുള്ള ഒരു മണ്ഡപത്തിലിരുന്ന് വിശ്രമിക്കുന്നുണ്ടായിരുന്നു. അതിനപ്പുറമായി പുറമേ ചിത്രപ്പണികളോടുകൂടിയ കൊട്ടാരം. മാൻസിംഗ് കൊട്ടാരമാണത്. അതിന്റെ കവാടം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.
അകത്തേക്ക് കടക്കുമ്പോൾ എത്ര വിദഗ്ധമായും ശാസ്ത്രീ യമായുമാണ് അതിന്റെ നിർമ്മിതിഎന്ന് അത്ഭുതപ്പെട്ടുപോകും. വെളിച്ചവും ശബ്ദവും ക്രമീകരിക്കാൻ ഇന്ന് വളരെയേറെ സംവിധാനങ്ങളുണ്ട്. എന്നാൽ പതിനഞ്ചാം നൂറ്റാണ്ടിൽ ഇത്തരം കണ്ടുപിടുത്തങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് എത്ര വിദഗ്‌ധമായാണ് അതുനിർവഹിച്ചിരിക്കുന്നതെന്നോ.
ഭിത്തികളിലെ സുഷിരങ്ങൾ വേണ്ടവിധത്തിൽ ക്രമീകരിക്കുകയും ദർപ്പണങ്ങൾ സ്ഥാപിക്കുകയും ചെയ്ത് രാത്രികാലങ്ങളിൽ ചന്ദ്രരശ്മിയുടെ പ്രതിഫലനം കൊണ്ട് കൊട്ടാരത്തിനകമാകെ പ്രകാശം പരത്താൻ കഴിഞ്ഞിരുന്നു.
വേനൽക്കാലത്ത് ഇന്ന് നാം എയർ കണ്ടീഷണർ ഉപയോഗിക്കുന്നതിനു പകരം ഭിത്തിയിലുണ്ടാക്കിയ അറകളിൽ വെള്ളം നിർത്തി തണുത്തവായു കടത്തി വീടാനുള്ള സംവിധാനം ഒരുക്കിയിരുന്നു. മൈക്ക് ഇല്ലാതിരുന്ന അക്കാലത്ത് നൃത്തശാലയിൽ നൃത്തത്തിന് സംഗീതമാലപിക്കാൻ ശബ്ദനിയന്ത്രണത്തിന് പ്രത്യേക സംവിധാനം. നൃത്തമണ്ഡപത്തിന് പിന്നിലുള്ള മുറിയിൽ നിന്ന് ആവശ്യാനുസരണമുള്ള ശബ്ദത്തോടെ സംഗീതമൊഴുകി വരുന്നതെങ്ങനെയെന്ന് ഗൈഡ് ഞങ്ങൾക്ക് കാണിച്ചു തന്നു. കൊട്ടാരത്തിന് മുകളിലും താഴെയുമായുള്ള പടിക്കെട്ടുകളും ഇടനാഴികളും കയറിയിറങ്ങി വശം കെട്ടു. പണ്ടുകാലത്ത് മനുഷ്യൻ ഈ കൊട്ടാരനിർമ്മിതിക്കായി ചെയ്ത ശാരീരികാദ്ധ്വാനവും ബൗദ്ധികാദ്ധ്വാനവും കലാചാതുരിയും എത്രയെന്നു പറഞ്ഞറിയിക്കാനാവില്ല. അതെല്ലാം ഇന്ന് അറിയപ്പെടുന്നത് തൊമാർ രാജാക്കന്മാരുടെയും മറ്റു ഭരണാധികാരികളുടെയും പേരിലാണെന്നു മാത്രം.
പടിക്കെട്ടിറങ്ങി താഴേക്കു ച്ചെല്ലുമ്പോൾ ഒരു മണ്ഡപം കാണാം. ഒറ്റക്കല്ലുകളിൽ തീർത്ത എട്ട് തൂണുകളുള്ള ഒരു വൃത്താകാരമണ്ഡപം. തൂണുകൾക്കിടയിൽ വലിയ ഇരുമ്പ് കൊളുത്തുകൾ തൂക്കിയിരിക്കുന്നു. ഈ കൊളുത്തുകളിൽ ഊഞ്ഞാൽ കെട്ടി കൊട്ടാരത്തിലെ എട്ട് റാണിമാർക്കും ഒരുമിച്ച് ഊഞ്ഞാലാടാൻ വേണ്ടിയാണത്. ഒരേസമയം മണ്ഡപത്തിന്റെ മധ്യത്തിലേക്ക് ആടിയെത്താൻ കഴിയുന്ന മട്ടിലിലുള്ള സംവിധാനമാണെന്ന് ഗൈഡ് വിശദീകരിച്ചു. അതിനടുത്തായി റാണിമാർക്കുവേണ്ടിയുള്ള നീന്തൽക്കുളമുണ്ട്. ഭിത്തിയിലൂടെ ജലം നിയന്ത്രിച്ചു കടത്തിവിട്ട് നിർമ്മിച്ച കൃത്രിമ നീന്തൽക്കുളം. കുളത്തിലേക്ക് വെള്ളം കയറ്റി വിടാനുള്ള സംവിധാനം സുരക്ഷയെക്കരുതി നിർത്തിവച്ചിരിക്കയാണിപ്പോൾ.
കൊട്ടാരത്തിൽ നിന്ന് ആഗ്ര വരേക്കും ഝാൻസി വരേയ്ക്കും പോകാവുന്ന രണ്ടു ടണലുകളുണ്ടായിരുന്നു. 1960നു മുൻപും 1990നു മുൻപും അവയുടെ പ്രവേശനദ്വാരങ്ങൾ അടച്ചുവത്രേ.
ഗ്വാളിയാർ കോട്ട എന്നാണ് നിർമ്മിക്കപ്പെട്ടതെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആറാം നൂറ്റാണ്ടിൽ കോട്ടയുണ്ടായിരുന്നതായ സൂചനകൾ ഉണ്ട്. പത്താം നൂറ്റാണ്ടുമുതലാണ് ഈകോട്ടയെക്കുറിച്ചുള്ള കൃത്യമായ ചരിത്രരേഖയുള്ളത്. അതിനു ശേഷം പലേ ആക്രമണങ്ങളും പലരാജാക്കന്മാരുടെ കൈവശപ്പെടുത്തലുകളും നടന്നിട്ടുണ്ട്. അങ്ങനെ പല വിധത്തിലുള്ള വിനാശങ്ങൾക്കും പുതു നിർമ്മിതികൾക്കും ഈ കോട്ട വിധേയമായി. ഗ്വാളിയാർ കോട്ടയെപ്പറ്റിയുള്ള അദ്‌ഭുതാദരങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് അവിടെ നിന്നിറങ്ങി. അടുത്തുള്ള ഒരു പഴയ ക്ഷേത്രത്തിലേക്ക് ഗൈഡ് ഞങ്ങളെ കൊണ്ടുപോയി. കല്ലിൽ കൊത്തുപണികൾ ചെയ്ത മനോഹരവാസ്തുശില്പഭംഗിയുള്ള ക്ഷേത്രം.ശില്പങ്ങളും വിഗ്രഹങ്ങളും മുറിഞ്ഞ നിലയില്‍ അവിടവിടെ കിടക്കുന്നുണ്ട് അവിടെ ഇപ്പോൾ ആരാധനയില്ലാത്തതിനാൽ ചെരിപ്പിട്ടു കയറാൻ അനുവദിച്ചു. അത്രയും ആശ്വാസം. അങ്ങനെ അന്നത്തെ കാഴ്ചകൾ അവസാനിപ്പിച്ച് ഹോട്ടലിലേക്ക്.
അടുത്ത ദിവസം രാവിലെ, പ്രഭാതഭക്ഷണം കഴിഞ്ഞ് ഖജുരാഹോയിലേക്കുള്ള യാത്ര. ഖജുരാഹോ ! മനസ്സ് ആഹ്ലാദം കൊണ്ടു. 280 കിലോമീറ്റർ സഞ്ചരിക്കണം ഗ്വാളിയാറിൽ നിന്ന് ഖജുരാഹോയിലെത്താൻ. യാത്രക്കിടയിൽ ഓർച്ച കൂടി സന്ദർശി ക്കേണ്ടതുണ്ട്.
ഒരുപകൽ മുഴുവൻ ബസ്സിൽ യാത്ര. മധ്യപ്രദേശിന്റെ മധ്യഭൂവിലൂടെയുള്ള യാത്രയിൽ വൈവിധ്യമായ ഭൂവിഭാഗങ്ങൾതാണ്ടി. പാറകൾ നിരന്നതും വലിയ പാറക്കൂട്ടങ്ങൾ ചിന്നിച്ചിതറിക്കിടക്കുന്നതുമായ പ്രദേശങ്ങൾ, ഇലകളെല്ലാം ഉണങ്ങി നിൽക്കുന്ന കാട്ടുമരങ്ങൾ മാത്രമുള്ളവിജനപ്രദേശങ്ങൾ, പലയിനം പച്ചക്കറികൾ കൃഷി ചെയ്തിരിക്കുന്ന പാടങ്ങൾ, പശുക്കളും ആടുകളും മേഞ്ഞുനടക്കുന്ന പുൽമേടുകൾ. പൊരിവെയിലത്ത് ആടുമാടുകളെ മേയ്ച്ചു നടക്കുന്ന വൃദ്ധകളും വൃദ്ധൻമാരും നഗ്നപാദരായി പാറപ്പുറത്തിരുന്നു വിശ്രമക്കുന്നത് കണ്ടു പാവംതോന്നി. കടുക് പാടങ്ങൾ പൂത്തുലഞ്ഞു മഞ്ഞ വാരി വിതറി നിൽക്കുന്നു. അങ്ങനെ വഴികൾ കടന്നു കടന്നുപോയി. നിറക്കൂട്ടുകൾ യഥേഷ്ടമുള്ള പരസ്യങ്ങളും കച്ചവടസ്ഥലങ്ങളും ജനവാസസ്ഥാനങ്ങളും കടന്നുവന്ന് ഓർച്ചയിലെത്തി. ഓർച്ച എന്നാൽ മറയ്ക്കപ്പെട്ടതെന്നാണ് പദത്തിന്നർത്ഥം. പർവതങ്ങളാൽ മറയ്ക്കപ്പെട്ട മനോഹരമായ പ്രദേശം.
മധ്യപ്രദേശിലെത്തുന്ന സഞ്ചാരികളുടെ പ്രധാന സന്ദർശന
കേന്ദ്രങ്ങളിലൊന്നാണ് ഓർച്ച. വൻകാടായിരുന്ന ഓർച്ചയിൽ വേട്ടയ്ക്കെത്തിയ രുദ്ര പ്രതാപസിംഗ് എന്ന രാജാവ് പ്രകൃതിരമണീയമായ അവിടെ പിന്നീട് കൊട്ടാരം പണിയുകയായിരുന്നു. ജെമിനി, വിപിറ്റ് എന്നീ നദികളുടെ സംഗമ സ്ഥാനംകൂടിയാണ് ഓർച്ച. കൊട്ടാരം പണികഴിപ്പിക്കാൻ പൂർണമായും ആ വനത്തിലെ തേക്കിൻതടികളാണ് ഉപയോഗിച്ചതത്രേ.
കൊട്ടാരത്തിന്റെ പ്രവേശനകവാടത്തിനു മുന്നിൽ തടി കൊണ്ടുതീർത്ത രണ്ടു വൃത്താകാരനിർമ്മിതികൾ. പ്രവേശനകവാടം തേക്കിൻതടികൊണ്ട് നിർമ്മിച്ചതാണ്. വളരെ പൊക്കവും വീതി യുമുള്ള വാതിലുകൾ. വാതിലുകളിൽ നിറയെ കൂർത്ത ഇരുമ്പ് ദണ്ഡുകൾ തറച്ചിരിക്കുന്നു. അകത്തേക്ക് കയറുമ്പോൾ കൊട്ടാരം പുതുക്കിപ്പണിയുന്നതിന്റെ ജോലികൾ നടക്കുന്നുണ്ടായിരുന്നു. അതിനിടയിലൂടെ കയറിപ്പോയി. ആദ്യം കാണുന്നത് ദർബാർഹാൾ, ഉള്ളിലേക്ക് നിരവധി മുറികളോടുകൂടി മൂന്നുനിലകളിലായി കമാനങ്ങളും താഴികക്കുടങ്ങളും മിനാരങ്ങളും ക്ഷേത്രത്തിന്റെ എടുപ്പുകളുമുള്ള ഒരു കമനീയ വാസ്തു ശിൽപം. മുറികളിലെ ചിത്രപ്പണികൾ അകൃത്രിമ ചായം ഉപയോഗിച്ചുള്ളവ. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവയെല്ലാം മങ്ങലേൽക്കാതെ നില്‍ക്കുന്നു. ദശാവതാരങ്ങൾ ഭിത്തിയിൽ ആലേഖനം ചെയ്തിരിക്കുന്നു. 'റാണി കേ കമരേ മേം' എന്നുപറഞ്ഞുകൊണ്ട് ഗൈഡ് ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ആ മുറി യിലെ ഭിത്തി നിറയെ ഇതിഹാസ കഥാചിത്രങ്ങൾ.
.
തൊട്ടടുത്തായി ജഹാംഗീർ കൊട്ടാരം. രുദ്രപ്രതാപസിംഗിന്റെ സഹോദരനായ വീർസിംഗ് പണികഴിപ്പിച്ച കൊട്ടാരം സുഹൃത്തായ ജഹാംഗീറിനുനൽകിയതാണത്രേ. മുസ്ലീം പള്ളികളിൽ കാണുന്ന മിനാരങ്ങളും ഹൈന്ദവക്ഷേത്രത്തിന്റെ ഗോപുരങ്ങളും കൂട്ടിയിണക്കി പണികഴിപ്പിച്ചിട്ടുള്ളതാണ് കൊട്ടാരത്തിന്റെ ഓരോ എടുപ്പുകളും. വാതിലുകളിലെയും ഭിത്തികളിലെയും ചിത്രപ്പണികളും ഇരുമതങ്ങളുടെയും സിംബലുകൾ കൂട്ടിയിണക്കി നിർമ്മിച്ചവയാണെന്നു കാണാം. എവിടെ തിരിഞ്ഞു നോക്കിയാലും ഹിന്ദു മുസ്ലീം മൈത്രിയുടെ അടയാളങ്ങൾ വ്യക്തമാകുന്ന കാഴ്ചകളാണവിടെ. ഇടനാഴികളുലൂടെ പടിക്കെട്ടിലൂടെ കയറിയിറങ്ങി മതമൈത്രിയുടെ സുഖക്കാഴ്ചകളും നദീസംഗമസ്ഥാനത്തുള്ള ആ വാസ്തു ശില്പത്തിന്റെ പ്രകൃതിരമണീയതയും മനസ്സിലാവാഹിച്ചുകൊണ്ട് താഴേക്കിറങ്ങിവന്നു. ജഹാംഗീർ കൊട്ടാരം സ്വകാര്യ ഹോട്ടലുടമയ്ക്ക് വിറ്റിരിക്കയാണെന്നും ഈ കൊട്ടാരവും താമസിയാതെ സ്വകാര്യ മുതലാളിമാർക്കു കൈമാറുമെന്നും അറിഞ്ഞപ്പോൾ വല്ലാത്തൊരു നഷ്ടബോധം മനസ്സിൽ കടന്നുകൂടി.
അതിനോട് ചേർന്നുള്ള 'രാംരാജ് മഹൽ '-ക്ഷേത്രത്തിലേക്ക് പോകവേ ഇത് രാമദേവന്റെയല്ല, രാമരാജാവിന്റെ ക്ഷേത്രമാണെന്നും ഈ സങ്കല്പം രാം രാജ് മഹലിന്റെ പ്രത്യേകതയാണെന്നും ഗൈഡ് സൂചിപ്പിച്ചു. പുതുമ മാറാത്ത ആ ക്ഷേത്രവും പരിസരവും ആൾക്കൂട്ടം കൊണ്ടു നിവൃത്തികെട്ടിരിക്കുന്നു. അങ്ങോട്ടൊന്ന് എത്തി നോക്കാൻ പോലുമാവാത്തവിധം കലപില കൂട്ടി ഞെക്കിഞെരുക്കി സ്വൈര്യക്കേടുണ്ടാക്കുന്ന ആ കോലാഹലം ആകെപ്പാടെ ഒരു ഈർഷ്യയാണുണ്ടാക്കിയത്. ക്ഷേത്രത്തെ സംബന്ധിച്ച സങ്കല്പമെന്തായാലും അതിന്റെ മഹത്വമെല്ലാം ആ തിക്കും തിരക്കും നശിപ്പിച്ചു കളഞ്ഞു. അവിടെനിന്ന് ഞങ്ങൾ ഒരു വിധം രക്ഷപെട്ടു വന്ന് ഉച്ച ഭക്ഷണവും കഴിച്ചു വീണ്ടും യാത്രയായി.
മഞ്ഞവിരിച്ച കടുകുപാടങ്ങളുടെ നടുവിലൂടെ, ചെമ്മരിയാടിൻ പറ്റങ്ങൾ നിറഞ്ഞൊഴുകുന്ന കാഴ്ചകളിലൂടെ കതിരിട്ടു നിൽക്കുന്ന ഗോതമ്പ് വയലേലകളുടെ സമൃദ്ധിയിലൂടെ പണിനടക്കുന്ന റോഡിലൂടെയുള്ള ആ യാത്ര നന്നേ രസിച്ചു. യാത്രയിൽ പരസ്പരം പരിചയപ്പെടാനും ചർച്ച നടത്താനുമെല്ലാം ഉള്ള അവസരം യാത്രികർക്കുണ്ടായി. ദീർഘദൂരമെങ്കിലും മുഷിപ്പ് തോന്നാത്ത ആയാത്ര എട്ടു മണിയോടെ ഖാജുരാഹോയിലെ ഗ്രെറ്റോ എന്ന റിസോർട്ടിൽ അവസാനിച്ചു.
ഈരണ്ട് പേരടങ്ങുന്ന സംഘത്തിന് ഓരോ ചെറിയ വില്ലയാണ് താമസത്തിന് ഒരുക്കിയിരിക്കു ന്നത്. പ്രകൃതിയുടെ മടിത്തട്ടിലെന്ന പോലെ ആശ്വാസം കൊള്ളാന്‍ പറ്റിയ വിശ്രമകേന്ദ്രം. രാത്രിയിൽ സ്വപ്നതീരത്തിന്‍റെ പാചകസംഘം ഒരുക്കിയ സ്വാദിഷ്ടമായ ഭക്ഷണം ഗ്രെറ്റോയുടെ മുറ്റത്തെ ഓപ്പൺ എയർ ഡൈനിനിങ് ഏരിയയിൽ കൂട്ടുകാരെല്ലാം ഒരുമിച്ചിരുന്ന് സരസഭാഷണത്തിന്‍റെ മേമ്പൊടിയോടെ കഴിച്ച് യാത്രയുടെ ക്ഷീണമകറ്റി.
രാവിലെ ഉണർന്നപ്പോൾ റിസോർട്ടിലൂടെ നടക്കണമെന്നൊരു മോഹം. മഞ്ഞുതൊപ്പിയുമായി നടക്കാനിറങ്ങിയപ്പോൾ പലരും കൂടാനെത്തി. അങ്ങനെ ചുറ്റിനടന്നുവന്നപ്പോൾ പ്രഭാതഭക്ഷണത്തിനുള്ള സമയമായി. പെട്ടെന്ന് പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞെത്തിയപ്പോൾ കൂട്ടുകാരെല്ലാം ഭക്ഷണം കഴിച്ചു പോയിക്കഴിഞ്ഞിരുന്നു. ഇനി ഖജുരാഹോ ക്ഷേത്രസമുച്ചയത്തിലേക്ക് രാവിലെ യാത്രയാകണം.
താമസിയാതെ എല്ലാവരും യാത്രക്കൊരുങ്ങി എത്തിയപ്പോഴേക്കും വാഹനവുമെത്തി. അങ്ങനെ, കാത്തിരുന്ന ഖജുരാഹോ സന്ദർശനം.
ഖജുരാഹോയിലെത്തിയ ഞങ്ങൾക്ക് ക്ഷേത്രങ്ങളിലേക്ക് കയറുന്നതിനു മുൻപ് പൊതുവായ കാര്യങ്ങൾ ഗൈഡ് പറഞ്ഞു തന്നു. ഇരുപത് ചതുരശ്ര കിലോമീറ്റർ വിസ്‌തൃതമായ ഭൂവിഭാഗത്തിലുള്ള 85 ക്ഷേത്രങ്ങളുടെ സമുച്ചയമാണിവിടെയുള്ളത്. ഹിന്ദു ജൈനമതങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രസമുച്ചയം AD 950നും 1050 നും ഇടയ്ക്കാണ് നിർമ്മിച്ചിട്ടുള്ളത്. നദീതീരത്താണ് ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 64 നദികളുടെ സാമീപ്യം ഉണ്ടെന്നു പറയപ്പെടുന്നു. ഇപ്പോൾ ക്ഷേത്രങ്ങളിൽ നല്ലൊരു ഭാഗം നശിപ്പിക്കപ്പെട്ടിരിക്കയാണ്. ഇരുപതെണ്ണം മാത്രമാണത്രേ ഇപ്പോൾ അവശേഷിക്കുന്നത്. ആക്രമണങ്ങളും കൈയടക്കലുകളും ഈ ക്ഷേത്രസമുച്ചയം നേരിട്ടിട്ടുണ്ട്. കുറേക്കാലം ഘോരവനത്തിന്‍റെ മറവിൽ സംരക്ഷിക്കപ്പെടുകയും ചെയ്തു. ആകപ്പാടെ കേട്ടുകഴിഞ്ഞപ്പോൾ കംബോഡിയയിലെ ക്ഷേത്ര സമുച്ചയം ഓർമ്മ വന്നു.
താഴെയുള്ള വരാഹക്ഷേത്രവും വരുണക്ഷേത്രവും മറ്റും കണ്ടുകഴിഞ്ഞ് ഞങ്ങൾ പ്രധാന ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്ന ഭാഗത്തേക്കു പോയി. പോകുന്ന വഴി ഖജുരാഹോയെക്കുറിച്ചുള്ള പുസ്തകങ്ങളും ചിത്രങ്ങളും വില്പനക്കു വച്ചിരുന്നിടത്തുനിന്നു ചിലതെല്ലാം വാങ്ങി. വീൽ ചെയറിലെത്തിയ ഒരു വിദേശി വളരെ ആവേശത്തോടെ ചിത്രങ്ങളും ബുക്കുകളും ബ്രോഷറുകളും മറ്റും ശേഖരിക്കുന്നുണ്ടായിരുന്നു.
ശില്പങ്ങൾ കൊത്തിയെടുത്ത കല്ലുകൾ കൊണ്ടാണ് ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഗോപുരം പോലെയുള്ള ക്ഷേത്രഭിത്തി കെട്ടിയുയർത്തുന്നതിന് ഇന്റർ ലോക്കിങ് സമ്പ്രദായം സ്വീകരിച്ചിരിക്കുന്നു . ജീവിതം സൂക്ഷമായി നിരീക്ഷിച്ച് നിരീക്ഷണങ്ങളെ വൈദഗ്ധ്യത്തോടെ കലാപരമായി കൊത്തിവച്ചിരിക്കുന്ന ശില്പങ്ങൾ. അതിലെ എണ്ണത്തിന്റെ പെരുപ്പവും നിരീക്ഷണത്തിലെ സൂക്ഷ്മതയും കലാചാതുരിയും അത്യധികം അത്ഭുതപ്പെടുത്തി. ലൈംഗികതയും ശൃംഗാരഭാവങ്ങളും അതിന്‍റെ പരികാമ്യതയിൽ ആവിഷ്കരിച്ചിട്ടുണ്ട്. 10ശതമാനം മാത്രമേ അത്തരം ശില്പങ്ങളുള്ളൂ എങ്കിലും ഖജുരാഹോയെക്കുറിച്ചുള്ള പരാമർശങ്ങളിൽ എവിടെയും എടുത്തകാട്ടുന്നത് ലൈംഗികചിത്രങ്ങളാണ്. ധർമ്മാർത്ഥ കാമമോക്ഷങ്ങളെ ശില്പങ്ങളിലൂടെ ആവിഷ്കരിക്കുകയാണത്രേ ചെയ്തിട്ടുള്ളത്. സ്ത്രീകൾ, സംഗീതജ്ഞർ, കുശവന്മാർ, കൃഷിക്കാർ, ദൈനംദിനജീവിതങ്ങൾ ഇങ്ങനെ വിവിധങ്ങളായ ശില്പങ്ങളുണ്ട്. സഹജവാസനകൾ അതാതിന്‍റെ തെളിമയോടെ ശിൽപങ്ങളിൽ വ്യക്തമാകുന്നു. പലപ്പോഴും ശില്പങ്ങൾ സ്ത്രീപുരുഷ സമത്വഭാവന നിലനിർത്താൻ ശ്രമിക്കുന്നതായി കാണാം. ഓരോ ക്ഷേത്രത്തിലും വ്യത്യസ്തമെങ്കിലും ഒരേ ശൈലിയിലുള്ള ശില്പങ്ങളാണ്. ചിലതിനു വലിപ്പത്തിലുള്ള വ്യത്യാസം മാത്രം ദർശിക്കാം.
ഇത്രയേറെ ശില്പങ്ങൾ കല്ലിൽ കൊത്തിയെടുത്ത് ആ കല്ലുകൾ ഇന്റർലോക്കു സംവിധാനത്തിൽ കൃത്യമായി പടുത്തുയർത്തി ബലവത്തും കമനീയവുമായ വാസ്തുശില്പനിർമ്മിതികൾക്ക് എത്റമാത്രം മനുഷ്യാദ്ധ്വാനം, ശാരീരികവും ബൗദ്ധികവും ഭാവനാപരവുമായ മനുഷ്യശ്രമം വിനിയോഗിച്ചിട്ടുണ്ടാവണമെന്ന് ചിന്തിച്ചുപോയി. അതും ഇന്നത്തേത് പോലുള്ള സാങ്കേതികവിദ്യയോ മറ്റു സംവിധാനങ്ങളോ ഒന്നും ഇല്ലാതിരുന്ന കാലത്ത്!!
18-ആം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ക്ഷേത്രവും കൂട്ടത്തിൽ കണ്ടു. ഒരേ ക്ഷേത്രം മുകൾ ഭാഗത്ത് ഹിന്ദു മുസ്ളീം ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ അടയാളങ്ങൾ വഹിച്ചു നിൽ ൽക്കുന്നതായി കാണാന്കഴിഞ്ഞു. മതമൈത്രിയുടെ സന്ദേശം വഹിക്കുന്ന ആ ക്ഷേത്രത്തിലാകട്ടെ ഭിത്തിയിൽ മറ്റു ശില്പങ്ങളൊന്നുമില്ല. കുറേക്കൂടി ആധുനികമാണാക്ഷേത്രം.
കുറച്ചുമാറി ഒരു ജൈനക്ഷേത്രവും ഇതിന്‍റെ ഭാഗമായുണ്ട്. ഞങ്ങൾ അങ്ങോട്ടേക്ക് പോയി. വിദേശികളുൾപ്പെടെ പലരും സന്ദർശകരായി അവിടെ എത്തിയിട്ടുണ്ടായിരുന്നു. വളരെ കുറച്ചു ക്ഷേത്രങ്ങളേ അവിടെയുള്ളൂ. ഉള്ളവ മിക്കവാറും കല്ലുകൾ ഇളകിയ മട്ടിലായിരിക്കുന്നു .ഇളകിയ ഭാഗം പതുതായി പണിഞ്ഞു കേടുപാടു തീർത്തിരിക്കുന്നതായിക്കണ്ടു. ഇളകിപ്പോയ കല്ലുകൾ ഒരിടത്തു കൂട്ടിയിട്ടിരിക്കുന്നു. പുതുക്കിപ്പണിയുമ്പോൾ ഇന്റർലോക്ക് ചെയ്ത് ഇള കിപ്പോയ കല്ലുകൾ വീണ്ടും ഉപയോഗിക്കാനാവില്ലല്ലോ.
അതിനോടു ചേർന്നുതന്നെ ഒരു ജൈനസന്യാസി മഠവും പ്രവർത്തിക്കുന്നുണ്ട് .
ഓരോ സൂക്ഷ്മദര്ശനത്തിലേക്കും കാണികളുടെ ശ്രദ്ധയാകർഷിക്കാൻ സമർത്ഥനും സരസനുമായ ഗൈഡിന്‍റെ സാന്നിധ്യവും ഫലവത്തായി. സങ്കല്പത്തിലെ ഖജുരാഹോയെക്കാൾ പലമടങ്ങ് അത്ഭുതം പകർന്നൂ കാഴ്ചയിലെ ഖജുരാഹോ. ഖജുരാഹോ നൽകിയ വിസ്‌മയസാനുഭൂതികളുമായി ഇനി സാഞ്ചിയിലേക്ക്.
ഖജുരാഹോയിൽ നിന്ന് 3.30നു ട്രെയിൻ ഭോപ്പാലിലേക്ക്. ഭോപ്പാൽ എന്നു കേൾക്കുമ്പോൾ ഭോപ്പാൽ ദുരന്തമാണ് മനസ്സിൽ ഓടിയെത്തുന്നത്. സാഞ്ചിയാണ് ഇപ്പോഴത്തെ ലക്ഷ്യം. ട്രെയിനിൽ ഇരുപാടുമുള്ള കാഴ്ചകളും കണ്ടങ്ങനെ യാത്രയായി. രാത്രി പതിനൊന്നോടെ ഭോപ്പാലിലെ ഹോട്ടലിലെത്തി. രാവിലയാണ് സാഞ്ചിയിലേക്കു പോകുന്നത്.
എല്ലാവരും രാവിലെതന്നെ യാത്രക്ക് തയാറായെത്തി.
ഭോപ്പാലിൽ നിന്ന് 46 കിലോമീറ്റർ അകലെയാണ് സാഞ്ചി. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ്, മധ്യപ്രദേശിലെ സാഞ്ചി എന്ന ചെറുഗ്രാമത്തെ ലോകപ്ര സിദ്ധമാക്കിയത്. വലിയൊരു കുന്നിനു മുകളിലാണ് ബുദ്ധസ്തൂപങ്ങൾ. ബി സി മൂന്നാം നൂറ്റാണ്ടിനും ADഅഞ്ചാം നൂറ്റാണ്ടിനും മദ്ധ്യേയാണ് ഇതിന്റെ നിർമ്മാണം. ബുദ്ധന്റെ തിരുശേഷിപ്പുകൾക്കു മുകളിൽ നിർമ്മിച്ച ചെറിയ അർദ്ധഗോളനിർമ്മിതിയാണ് ആദ്യമുണ്ടായിരുന്നത്.അതിനു മേൽ കെട്ടിയുണ്ടാക്കിയ വലിയ സ്തൂപമാണ് ഇന്നുള്ളത്. 1989-ൽ യുനെസ്കോ ഇതിനെ ലോക പൈതൃകസൈറ്റിൽ പെടുത്തിയിരിക്കുന്നു.
വാഹനത്തിൽ നിന്നിറങ്ങി നടന്നുപോകുമ്പോൾത്തന്നെ അങ്ങകലെ വലിയ സ്തൂപംകാണാൻ കഴിഞ്ഞു. സ്തൂപത്തിന്റെ ഗേറ്റ് കടന്ന്ചുറ്റുമതിലിലെ ചിത്രങ്ങളും മറ്റും നടന്നു കണ്ടു. സാഞ്ചിയിലെ പ്രസിദ്ധമായ അശോകസ്തംഭം മുറിഞ്ഞു കിടക്കുന്നു. കരിമ്പ് ആട്ടുന്നതിനു വേണ്ടി പണ്ടെങ്ങോ നാട്ടുകാർ അത് പൊട്ടിച്ചെടുത്തതാണത്രേ. മാത്രമല്ല, അവിടെയുണ്ടായിരുന്ന പല സ്തൂപങ്ങളും ഉള്ളിൽ നിധിയുണ്ടാകുമെന്ന പ്രതീക്ഷയിൽ ആളുകൾ കുത്തിപ്പൊളിച്ചിട്ടുമുണ്ട്. അവിടെയുള്ള ചെറിയ സ്തൂപങ്ങൾ കണ്ടു കഴിഞ്ഞതിനു ശേഷം വലിയ സ്തൂപത്തിന്റ ഗേറ്റിലും മറ്റുമുള്ള തൂണുകളിൽ കൊത്തിവച്ച ശില്പങ്ങളുടെ പ്രത്യേകതകൾ ഗൈഡ് വിശദീകരിച്ചു തന്നു. പല ശില്പങ്ങളും പ്രതീകാത്മകമാണ്.
ബുദ്ധ മതാനുയായികളുടെ ഭൗതികാവശിഷ്ടങ്ങൾ ഉള്ളടക്കിയിരിക്കുന്ന വലുതും ചെറുതുമായ നിരവധി സ്തൂപങ്ങൾ അവിടെ കാണാം. ഇവയെല്ലാം കണ്ടു കഴിഞ്ഞു മ്യൂസിയവും സന്ദർശിച്ചതിനു ശേഷം ഞങ്ങൾ ലഘുഭക്ഷണത്തിനായി അതിനടുത്തുതന്നെയുള്ള സ്റ്റാളി ലേക്കുപോയി. തിരികെ ഇറങ്ങി വരുമ്പോൾ ആ വിശാലമായ കോമ്പൗണ്ടിൽ ഒരിടത്ത് വൃക്ഷത്തണലിൽ കുറേ ശിഷ്യൻമാർ ഒരു ഗുരുവിന്റെ മുന്നിൽ ശ്രദ്ധാലുക്കളായിരിക്കുന്നത് കണ്ടു. താഴെ ഇറങ്ങി വരുന്ന വഴിയിൽ തറ കെട്ടിയ ഒരു വലിയമരം തണൽവിരിച്ചു നിൽക്കുന്നത് ബോധി വൃക്ഷത്തെ അനുസ്മരിപ്പിച്ചു.
സാഞ്ചിയിൽ നിന്ന് ഉജ്ജയിനിയിലേക്ക് ബസ്സിലാണു പോയത്. റോഡ് മാർഗ്ഗമുള്ള ആയാത്ര ആവേശം നൽകി. കൂട്ടുകാരെല്ലാം കഥ പറഞ്ഞു കവിത ചൊല്ലി കഥാപ്രസംഗം അവതരിപ്പിച്ചു, ചർച്ച നടത്തി അങ്ങനെ യാത്ര സജീവമാക്കി. മാത്രമല്ല, മഞ്ഞവിരിച്ച കടുക് പാടങ്ങൾ കണ്ണിനിമ്പമേകി. നീള നീളേ നിരന്ന കതിരിട്ട ഗോതമ്പു പാടങ്ങൾ നാടിന്റെ അഭിവൃദ്ധിയെക്കുറിച്ച് ഓർമ്മിക്കാൻ പ്രേരിപ്പിച്ചു. നിറയെ പഴുത്തുനിൽക്കുന്ന ഓറഞ്ചു തോട്ടങ്ങൾ, പേരമരത്തോട്ടങ്ങൾ എല്ലാം കടന്നുകടന്നങ്ങനെപോയി. വാസ്തവത്തിൽ ഈ യാത്ര നന്നേ ഇഷ്ടമായി. ഉജ്ജയിനിയിലേക്കാണ് പോകുന്നതെന്ന ആഹ്ലാദവും. വൈകുന്നേരത്തോടെ ഞങ്ങൾ ഉജ്ജയിനിയിലെത്തി. മഹാകാളക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സമയമായതിനാൽ നല്ല തിരക്കനുഭവപ്പെട്ടു. ഹോട്ടലിൽ പോയി ഫ്രഷ് ആയതിനു ശേഷം ക്ഷേത്രത്തിലേക്ക് പോകാമെന്ന് തീരുമാനിച്ചു. ക്ഷേത്രത്തിലേക്ക് എത്താൻ വലിയ ക്യൂ ആണെന്ന് ആരൊക്കയോ പോയി വന്നറിയിച്ചു. അങ്ങനെ നേരം വൈകിയ നേരത്ത് ഹോട്ടലിൽത്തന്നെ കഴിച്ചു കൂട്ടാമെന്നു കരുതി. കാളിദാസനും വിക്രമാദിത്യനും ഉജ്ജയിനി മഹാകാളിയുമൊക്കെ മനസ്സിൽക്കിടന്നു കലമ്പലു കൂട്ടുന്നു. ഉജ്ജയിനി മഹാകാളി /ഉച്ചിരിമാകാളി/ ഉച്ചുമാളി ഞങ്ങളുടെ കുടുംബപരദേവത
യാണ്. കുട്ടിക്കാലത്ത് ഞങ്ങൾ സത്യംചെയ്യുന്നത് :ഉച്വാളി അമ്മയാണെ 'എന്നിങ്ങനെയാണ്. മറ്റൊന്നും കാണാനായില്ലെങ്കിലും ഉജ്ജയിനി മഹാകാളിയെ കാണണമെന്നുണ്ട്. പലരോടും ചോദിച്ചിട്ടും ഉജ്ജയിനിയിൽ ഇപ്പറഞ്ഞവരാരുമായി ബന്ധ പ്പെട്ടതൊന്നുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ആകെ നിരാശയായി. രാത്രി ഭക്ഷണം കഴിഞ്ഞ് പുറത്തേയ്ക്കിറങ്ങാമെന്നു കരുതി. മറ്റു ചിലരും ഒപ്പം കൂടി. റോഡിൽ തിരക്കൊഴിഞ്ഞു. ക്ഷേത്രത്തിലെ ക്യൂവും മാറി. ക്യൂ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള ഇരുമ്പ് വേലിക്കുള്ളിൽ അധികമാരും ഇല്ല. ഞങ്ങൾ നടന്നു നടന്നങ്ങനെപോയി. പോകുന്ന വഴിയെല്ലാം ഇടവിട്ട് സ്വർണ്ണനിറമുള്ള വലിയ കാണിക്കപ്പെട്ടി സ്ഥാപിച്ചിരിക്കുന്നു.കിലോമീറ്ററോളം നടന്ന് ഒടുവിൽ ഞങ്ങൾ ശ്രീകോവിലിനടുത്തെത്തി. ഭക്തിപരവശരായി അനേകം സ്ത്രീപുരുഷന്മാർ അവിടെ നാമജപപത്തോടെ ഇരിയ്ക്കുകയും സാഷ്ടാംഗം നമസ്കരിച്ചു കിടക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാൻ ഞങ്ങളുടെ ഉച്വാളിയമ്മ അവിടെങ്ങാനുമുണ്ടോ എന്നു നോക്കുകയായിരുന്നു. പക്ഷേ അവിടെങ്ങുമുണ്ടായിരുന്നില്ല. പിന്നെ ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. അടുത്തദിവസം രാവിലെ ഓംകാരേശ്വര ക്ഷേത്രത്തിലേക്കാണ് പോകേണ്ടത്.
നർമ്മദാ നദിയിലെ ഒരു ചെറിയ ദ്വീപായ ഓംകറിലാണ് ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ പ്രധാനമാണ് ഓംകാരേശ്വരക്ഷേത്രം. ആകാശത്തു നിന്ന് നോക്കുമ്പോൾ നർമ്മദാ നദിയിൽ 'ഓം 'ആകൃതിയിൽ കാണുന്ന ദ്വീപിലാണ് ഈ ക്ഷേത്രം. കാവേരി നർമ്മദാ സംഗമവും ഇവിടെയാണ്.
ഞങ്ങൾ രാവിലെ ബസ്സിൽ നർമദാ തീരത്തെത്തി. പ്രകൃതി രമണീയമായ സ്ഥലമാണത്. ക്ഷേത്രത്തിലേക്ക് ആളുകളെക്കൊണ്ടുപോകാൻ ധാരാളം ചെറു വള്ളങ്ങൾ നദിക്കരയിലുണ്ടായിരുന്നു.
ഒരു വള്ളത്തിൽ ആറു പേർക്ക് പോകാം. ഞങ്ങൾ ആറു പേർ വീതം ഓരോ വള്ളത്തിലായി ദ്വീപിലെത്തി.ദ്വീപിലേക്കുള്ള യാത്ര രസകരമായിരുന്നു. അവിടെ നല്ല തിരക്കാണ്. പൂജാവസ്തുക്കളുമായി ആളുകൾ ചുറ്റും കൂടി. ഒരു വിധം അവിടെ നിന്നു രക്ഷപ്പെട്ടു ഞങ്ങൾ മുകളിലേക്ക് നടന്നു. അവിടെ വഴിക്ക് ഇരുവശവും നിറയെ കടകളാണ്. വഴിയിലൂടെ തിങ്ങി നിറഞ്ഞു പോകുന്ന ഭക്തജനങ്ങൾ. ആ ഒഴുക്കിൽപ്പെട്ടു ഞങ്ങൾ ഒരു വിധം ക്ഷേത്രനടയിലെത്തി. .ഭക്തരുടെ ക്യൂ കണ്ടു അമ്പരന്നു. തിക്കും തിരക്കുമുള്ള ആ ക്യൂവിൽ മണിക്കൂറുകളോളം നിന്നു ഉന്തും തള്ളുംകൊണ്ട് വശംകെട്ടു. ഓരോ സംഘം ആളുകളെ വീതം കയറ്റി വിടുന്നുണ്ടായിരുന്നു. അതിനിടയിൽ കൈമടക്കു കൊടുത്താൽ മുൻപിൽ കയറ്റി വിടാമെന്നു പറഞ്ഞു ഒരാൾ വന്നു. അങ്ങനെയാകാമെന്ന് കരുതിയെങ്കിലും അവിടെ എന്തെല്ലാമോ വാക്കുതർക്കവും ബഹളവും നടക്കുന്നതിനാൽ അതും സാധിച്ചില്ല. ധാരാളം ഇടനിലക്കാർ ഇതിനിടയിൽ ആളുകളെ സഹായിക്കാനെന്ന മട്ടിൽ കയറിക്കൂടി പണം പറ്റുന്നുണ്ടായിരുന്നു. ഏതായാലും അവിടത്തെ നാടകങ്ങൾ കണ്ടു നിന്ന് വിയർത്തു വിഷമിച്ചു ഒടുവിൽ ഒരു വിധം അകത്തു കടന്നു. ആൾക്കൂട്ടത്തിൽ തലയിൽ ആരൊക്കെയോ വെള്ളം തളിക്കുകയും ഭക്തർ ഒരു ഭാഗത്ത് വെള്ളം ഒഴിക്കുകയും ചെയ്യുന്നതുമാത്രം കണ്ടു. മറ്റൊന്നും കാണാൻ കഴിഞ്ഞില്ല. ഏതായാലും പുറത്തിറങ്ങി. രക്ഷപ്പെട്ടു. ഞങ്ങൾ വന്ന വള്ളത്തിൽ കയറി മറുകരയെത്തി. അവിടെ ഒരു തൂക്കുപാലം കണ്ടു. വലിയ ഉയരങ്ങളിൽ നിന്ന് വരുന്ന ചെറിയ നീരുറവ കൌതുകമായി. പിന്നയും അവിടെ നടന്നു കണ്ടിട്ട് തിരികെപ്പോന്നു.
ആളുകളുടെ ഭക്തിയും അതു മുതലെടുത്ത് പണം തട്ടാൻ നടക്കുന്നവരും സമൂഹത്തിൽ വിനയായി മാറിയിരിക്കുന്നു.ഭക്തി മനുഷ്യനെ വിവേകശൂന്യനാക്കിയിരിക്കുന്നു.ഉജ്ജയിനിയിലേക്ക് യാത്ര തിരിച്ചപ്പോഴുണ്ടായ ഉത്സാഹമെല്ലാം പോയ് മറഞ്ഞു. ഇതെല്ലാം ചിന്തിച്ച് അവിടെയുള്ള പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള മൂഡ് പോലും നഷ്ടമായതിൽ ക്ലേശിച്ച് വാഹനം ലക്ഷ്യമാക്കി നടന്നു.
ഇനി ഇൻഡോർ. കുന്നും മലകളും ജലാശയങ്ങളും കൊണ്ട് അനുഗൃ ഹീതമായ നർമ്മദാ തീരത്തുനിന്നും ബസ്സിൽ ഇൻഡോറിലേക്ക് തിരിച്ചു. ഇൻഡോറിലേക്കുള്ള യാത്ര സന്തോഷകരമായിരുന്നു. വഴിനീളെ പുതുമ മാറാത്ത പഴങ്ങൾ വാങ്ങിക്കഴിച്ചും തമാശ പറഞ്ഞും യാത്രാക്ഷീണമറിയാതെ തിരക്കേറിയ പട്ടണ നടുവിലെത്തി .
ഹോട്ടലിലെത്തിയ ഞങ്ങൾപതിവിൽ നിന്ന് വ്യത്യസ്‍തമായി അടുത്തുള്ള റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചു. മധ്യപ്രദേശിലെ ഞങ്ങളുടെ അവസാന രാത്രിയായിരുന്നു അത്. പിറ്റേ ദിവസം രാവിലെ ലാൽബാഗ് പാലസ് കാണാനാണ് പോകുന്നത്.
ഹോട്ടലിനടുത്തു തന്നെയാണ് കൊട്ടാരം. ഹെക്ടർ കണക്കിന് വിസ്‌തൃതമായ വളപ്പിൽ തലയുയർത്തി നിൽക്കുന്ന കൊട്ടാരം കൊളോണിയൽ കാലത്തിന്റെ തിരുശേഷിപ്പാണ്. കൊട്ടാരവളപ്പിലേക്ക് കടക്കുമ്പോൾ ആദ്യംതന്നെ കാണുന്നത് ലൈറ്റ്ഹൌസ്. അതും കടന്ന് വിശാലമായ മുറ്റത്ത് കൂടി നടന്നുചെന്ന ഞങ്ങളുടെ കൈയിലുള്ള മൊ ബൈലുകളെല്ലാം ഓഫീസിലുള്ളവർ വാങ്ങി വച്ചു.അവിടെ ഫോട്ടോ അനുവദനീയമല്ല. കൊട്ടാരത്തിൽ എന്തൊക്കെയോ പണി നടക്കുന്നുണ്ട്. വളരെയേറെ വിശാലമായ മുറികളുള്ളവ. ഓരോന്നും പ്രത്യേകം സജ്ജീകരിച്ച നിലയിലായിരുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ പ്രത്യേകതകൾ വെളിപ്പെടുത്തും വിധത്തലാണ് മുറികൾ പ്രദർശിപ്പിച്ചിട്ടുള്ളത്. മുകളിലത്തെ നിലയിലെ പ്രദർശനത്തിൽ ചിത്രങ്ങളുടെയും ഫോട്ടോകളുടെയും കരകൗശല വസ്തുക്കളുടെയും വലിയൊരു ശേഖരം തന്നെയുണ്ട്. രാജകീയ പ്രൗഢി നിറഞ്ഞു നിൽക്കുന്ന ആ സൗധം വേണ്ട വിധത്തിൽ സംരക്ഷിക്കുന്നില്ലെന്ന് പറയേണ്ടിവരുന്നു.
കൊട്ടാരത്തിൽ നിന്നിറങ്ങിയ ഞങ്ങൾ ഇൻഡോർ മ്യൂസിയത്തിലേക്കാണ് പോയത്. ശില്പങ്ങളുടെയും മറ്റും വലിയൊരു ശേഖരമുള്ള ഈ മ്യൂസിയത്തിൽ പഴയ നാണയങ്ങൾ, മുദ്രകൾ, പെ യിൻറിംഗ്‌സ് തുടങ്ങിയവയും പ്രദർശിപ്പിച്ചിരിക്കുന്നു. ഇവിടെയും ഫോട്ടോ എടുക്കാൻ അനുവദിക്കില്ല.
അവിടെ നിന്നിറങ്ങി ഉച്ചഭക്ഷണവും കഴിഞ്ഞ് പട്ടണത്തിന്റെ തിരക്കിലേക്ക്. അവസാനം ഷോപ്പിംഗ് എല്ലാ യാത്രകളിലെയും ഒഴിവാക്കാനാവാത്ത ഒരിനമാണല്ലോ. ഇൻഡോറിലെ ഷോപ്പിങ് തിരക്കിൻറെ അനുഭവം കൂടിയായിരുന്നു.ആരൊക്കെയോ തിരക്കിനിടയിൽ എന്തെല്ലാമോ വാങ്ങി തിരിച്ചെത്തി.
പിന്നെ യാത്ര തിരിക്കുന്നത്തിനുവേണ്ടി റയിൽവേ സ്റ്റേഷനിലേക്ക്. പത്തുദിവസത്തെ സഞ്ചാരത്തിൽ ഇനിയും രണ്ടു ദിവസങ്ങൾ കൂടി ബാക്കി.ഇൻഡോർ മുതൽ തിരുവനന്തപുരം വരെയുള്ള കാഴ്ചകളുണ്ടിനി. വാസ്തവത്തിൽ നാടിന്റെ നേരറിയുന്നത് ദീർഘങ്ങളായ യാത്രകളിലാണ്. വഴിയോര കാഴ്ചകൾ, റയിൽവേ സ്റ്റേഷനുകളിലെ പ്രത്യേക കാഴ്ചകൾ, ട്രെയിനുള്ളിലെ കാഴ്ചകൾ,പലവിധ കച്ചവടങ്ങൾ, ആളുകളുടെ പെരുമാറ്റ സവിശേ ഷതകൾ ഇവയുടെയെല്ലാം സൂക്ഷ്മ നിരീക്ഷണത്തിൽ സാമൂഹ്യമായും വൈയക്തികമായും നിരവധി നേരറിവുകൾ നേടാൻ പര്യാപ്തമാണ്.
ഇത്തരത്തിലുള്ള കാഴ്ചകളിലൂടെ ഗ്രാമങ്ങളും നഗരങ്ങളും പിന്നിട്ട് യാത്രാ സംഘത്തിലെ പത്തൊമ്പത് പേർ കേരളക്കരയിലെത്തി.ഇനി നാലുപേർ? നാലുപേർ വിമാനത്തിൽ എപ്പോഴേ നാടെത്തി. ട്രെയിനിലുണ്ടായിരുന്ന രണ്ടുപേർ നാടുനീളെ കോരിയും വാരിയുമെടുത്ത മണ്ണും വെള്ളവുമായി കാസർഗോഡിറങ്ങി.(ഇത് കളിയല്ല,ലോകത്തിന്‍റെവിവിധ ഭാഗങ്ങളിലുള്ള മണ്ണിന്റെയും വെള്ളത്തിന്റെയും വന്‍ശേഖരം ഇവരുടെ പക്കലുണ്ട്.)ട്രെയിൻ പിന്നെയും ഓടിക്കൊണ്ടേയിരുന്നു.