സാഹിതി
2024 നവംബർ 12, ചൊവ്വാഴ്ച
ഉണരുക
2024 നവംബർ 9, ശനിയാഴ്‌ച
സ്വാതന്ത്ര്യപ്പെരുമ
2024 നവംബർ 5, ചൊവ്വാഴ്ച
നൂർ ഉൻ നിസ ഇദായത് ഖാൻ. തടങ്കൽപ്പാളയത്തിലെ ഇന്ത്യൻ രാജകുമാരി
നാസിവിരുദ്ധപ്പോരാട്ടത്തിനിടെ മുപ്പതാം വയസ്സിൽ വധിയ്ക്കപ്പെട്ട ഇന്ത്യൻ വംശജയായ ചാരവനിതയാണ് നൂർ ഇനായത് ഖാൻ. ഇന്ത്യൻ വംശജയായ ചാരവനിത, നാസി സേനയുടെ അധീനതയിലുള്ള ഫ്രാൻസിലേയ്ക്ക് നിയോഗിക്കപ്പെട്ട ആദ്യവനിതാ വയർലെസ് ഓപ്പറേറ്റർ, രണ്ടാം ലോകമഹായുദ്ധ കാലത്തെ യൂറോപ്പിലെ ഏക ഏഷ്യൻ രഹസ്യ ഏജന്റ്, ബ്രിട്ടന്റെ ആദ്യ മുസ്ലിം യുദ്ധവീര, റെദ്ഗേർ ഗോൾഡ് സ്റ്റാർ നൽകി ആദരിക്കപ്പെട്ട വനിത, ബ്ലൂ പ്ലാക് ലഭിക്കുന്ന ആദ്യ ഇന്ത്യൻവംശജ, ടിപ്പു സുൽത്താന്റെ വംശപരമ്പരയിലെ ഇളമുറക്കാരി എന്നീ വിശേഷണങ്ങൾക്ക് ഉടമയാണ് നൂർ ഇനായത്ത് ഖാൻ. ഇന്ത്യൻ സൂഫി വര്യനായ ഹസ്രത്ത് ഇനായത് ഖാനാണ് നൂറിന്റെ പിതാവ്. സൂഫിസം പ്രചരിപ്പിക്കുന്നതിനും സംഗീത പരിപാടികൾക്കുമായി റഷ്യയിലെത്തിയ ഹസ്രത്ത് ഇനായത്ത് ഖാൻ അമേരിക്കക്കാരിയായ ഓറ റേ ബേക്കറിനെ വിവാഹം കഴിച്ചു. ഈ ദമ്പതിമാരുടെ നാലുമക്കളിൽ മൂത്ത സന്താനമായി 1914 ജനുവരി 1-ന് നൂർ ഇനായത്ത് മോസ്‌കോയിൽ ജനിച്ചു.നൂർ - ഉൻ -നിസ എന്നാണ് അവൾക്ക് നൽകിയ പേര്. ഹസ്രത്ത് ഇനായത്ത് ഖാന്റെ പിതാവ് പ്രമുഖ സംഗീതജ്ഞനായ ഉസ്താദ് മൗലാ ബാക്ഷാ ഖാനും മാതാവ് ടിപ്പു സുൽത്താന്റെ ചെറുമകളായ ഖാസിം ബീവിയുമാണ്.; ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറ പ്പെടുന്നതിനു മുൻപ് ഇനായത്ത് കുടുംബം റഷ്യ വിട്ട് ബ്രിട്ടനിലേയ്ക്ക് പോയി. ലണ്ടനിലെ ബ്ലൂക്ക് ബറി എന്നസ്ഥലത്തു താമസിച്ചു. 1920-ൽ ഫ്രാൻസിലേയ്ക്ക് താമസം മാറി. നൂർ ഇനായത്ത് ചൈൽഡ് സൈക്കോളജി കൂടാതെ സംഗീതം പഠിച്ചു, പിയാനോയും വശമാക്കി. ഒരെഴുത്തുകാരിയായി ജീവിതം ആരംഭിച്ച നൂർ, കവിതകളും കുട്ടികളുടെ കഥകളും ഫ്രഞ്ചിലും ഇമ്ഗ്ലീഷിലും പ്രസിദ്ധീകരിച്ചു. കുട്ടികളുടെ മാസികയിൽ സ്ഥിരമായി എഴുതുകയും റേഡിയോയിൽ നിരന്തരം സൃഷ്ടികൾ അവതരിപ്പിക്കുകയും ചെയ്തു. ജാതകകഥകൾ എഴുതി പ്രസിദ്ധീകരിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രാൻസിൽ താമസമാക്കിയിരുന്ന കുടുംബം 1940-ൽ നാസിസേനയ്ക്ക് മുന്നിൽ ഫ്രാൻസ് തോറ്റതോടെ ബറോഡായിലേയ്ക്കും പിന്നീട് കടൽമാർഗ്ഗം ബ്രിട്ടണില്രയ്ക്കും താമസം മാറി.സമാധാനപരമായ ആശയങ്ങൾ ആഴത്തിൽ സ്വാധീനിക്കപ്പെട്ടിരുന്ന നൂറും സഹോദരൻ വാലിയത്തും നാസി സ്വേച്ഛധിപത്യത്തെ പരാജയപ്പെടുത്താൻ സഹായിക്കണമെന്ന് തീരുമാനിച്ചു.1940-ൽ നൂർ ഇനായത്ത് ഖാൻ നോറ ഇനായത്ത് ഖാൻ എന്നപേരിൽ വിമൻസ് ഓക്സിലറി എയർ ഫോഴ്സിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി വിസ്റ്റൻ ചർച്ചിലിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സ്പെഷ്യൽ ഓപ്പറേഷൻ എക്സിക്യൂട്ടീവ് (SOE)എന്ന ചാരപ്രവർത്തന സേനയിൽ 1941-ൽ നൂർ അംഗമായി. വയർലസ് സംവിധാനം ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധപരിശീലനം നേടി SOE യുടെ വയർലെസ് ഒപ്പറേറ്ററായി 1943-ൽ ഫ്രാൻസിലേയ്ക്ക് പോയി. നാസി സേനയുടെ അധീനതയിലുള്ള ഫ്രാൻസിലേയ്ക്കു അയയ്ക്കപ്പെട്ട ആദ്യ വനിതാ വയർലെസ്സ് ഓപ്പറേറ്ററായിരുന്നു നൂർ. ഫ്രഞ്ചുഭാഷാപ്രാവീണ്യമുള്ള നൂർ ഒരു മികച്ച റേഡിയോ ഒപ്പേററ്ററായി കഴിവ് തെളിയിച്ചതിനെത്തുടർന്ന് ശത്രുസേനയുടെ അധീനതയിലുള്ള മേഖലകളിൽ വയർലസ് ഓപ്പർറേഷന് നിയോഗിക്കപ്പെട്ടു. ഒരു സന്നദ്ധ സംഘടനയുടെ പേരിൽ നഴ്‌സ് എന്ന വ്യാജേന ജീൻ മേരി റെയ്നിയർ എന്ന അപരനാമത്തിലാണ് നൂർ ഇനായത്ത് അവിടെ പ്രവർത്തിച്ചത്. ഇത്തരം നിരവധി സംഘടനകൾ യുദ്ധരംഗത്ത് പ്രവർത്തിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കകം നൂർ ഇനായത്തിന്റെ സംഘത്തിലെ അംഗങ്ങൾ പിടിയിലായി. ബ്രിട്ടനിലേയ്ക്ക് വിവരങ്ങൾ കൈമാറാൻ ഫ്രാൻസിൽ ശേഷിച്ച ഏക ഏജന്റായി നൂർ. മടങ്ങിച്ചെല്ലാൻ നിർദ്ദേശം ലഭിച്ചെങ്കിലും അത് നിരസിച്ച് അവർ അവിടെ നാസിപട്ടാളക്കാരുടെയിടയിൽ ത്തന്നെ തുടർന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ബ്രിട്ടന് കൈമാറിക്കൊണ്ടിരുന്നു.വയർലെസ് സംവിധാനത്തിനു വേണ്ടി ഒരു കമ്പി വലിച്ചുകെട്ടാൻ, ആ പട്ടാളക്കാരനിലൊരുവനെത്തന്നെ അയകെട്ടാനെന്ന ഭാവേന സാഹായിയാക്കാൻ തക്ക വാക്ചാതുരി നൂറിന്നുണ്ടായിരുന്നു.താമസസ്ഥലം തുടർച്ചയായി മാറിയും സ്വയംരൂപഭേദങ്ങൾക്ക് വിധേയയായും നാസിപ്പടയുടെ പിടിയിൽ നിന്ന് വഴുതിനടന്ന് മൂന്നരമാസത്തോളം ബ്രിട്ടന് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. ഇനിയും പാരീസിൽ തുടരുന്നത് കൂടുതൽ അപകടകരമാണെന്ന് മനസ്സിലാക്കിയതോടെ ഒക്ടോബർ പകുതിയോടെ നൂർ ബ്രിട്ടനിലേയ്ക്ക് മടങ്ങാൻ തീരുമാനിച്ചിരിക്കയായിരുന്നു. ഇതിനിടെ 1943 ഒക്ടോബർ 14 ന് ഒരു ചതിപ്രയോഗത്തിലൂടെ നാസി രഹസ്യപ്പോലീസായ ഗ്യാസ്റ്റപ്പോയുടെ പിടിയിലായി. തുടർന്ന് തടവിൽ പാർപ്പിക്കപ്പെട്ട നൂർ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും പിടിയിലായി. ഇനി രക്ഷപ്പെടാൻ ശ്രമിക്കില്ലെന്ന പ്രഖ്യാപനത്തിൽ ഒപ്പ് വയ്ക്കണമെന്ന ഗസ്റ്റപ്പോയുടെ നിർദ്ദേശത്തിന് അവർ വഴങ്ങിയില്ല. തുടർ ന്ന് സുരക്ഷിതമായി കസ്റ്റഡിയിൽ വയ്ക്കുന്നതിന് ജർമ്മനിയിലേയ്ക്ക് കൊണ്ടുപോയി ജയിലിൽ പാർപ്പിച്ചു. 'അപകടകാരിയായ തടവുകാരി 'എന്ന് ജയിൽരേഖകളിൽ രേഖപ്പെടുത്തിയ നൂർ ഇനായത്തിനെ കൈകൾ തമ്മിലും കാലുകൾ തമ്മിലും നിവർന്നു നിൽക്കാനാവാത്ത വിധം കൈകാലുകൾ തമ്മിലും ബന്ധിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ ചോദ്യം ചെയ്യലുകൾക്കും ക്രൂരമായ പീഡനങ്ങൾക്കും വിധേയയാക്കിയെങ്കിലും ഒന്നും തുറന്നു പറയാൻ നൂർ കൂട്ടാക്കിയില്ല.1944-ൽ മറ്റൊരു ജയിലിലേയ്ക്ക് കൊണ്ടുപോയ നൂറിനെ കമാന്ററിന്റെ ഓഫീസിൽ ഹാജരാക്കി. പരിശീലനകാലത്ത് തനിക്കൊപ്പമുണ്ടായിരുന്ന മൂന്നു ചാരവനിതകളെ നൂർ അവിടെ വച്ച് കണ്ടുമുട്ടി. അവിടെ നിന്നു ഈ നാലുപേരെ യും 200 കിലോമീറ്റർ അകലെയുള്ള ദഹാവ് കോൺസൻട്രേഷൻ ക്യാംപിലേക്ക് അയച്ചു. അർദ്ധരാത്രിയാണ് ഇവരെയും കൂട്ടി ഒപ്പമുണ്ടായിരുന്ന ഓഫീസർമാർ ദഹാവിലെത്തിയത്. റയിൽവേസ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്ററോളം കാൽനടയായി വിലങ്ങണിയിച്ച് എത്തിച്ച ഇവരെ കോൺസൻട്രേഷൻ ക്യാംപിലെ തുറുങ്കിലടച്ചു. രാത്രി മുഴുവൻ പടയാളികൾ ക്രൂരമായ പീഡനങ്ങൾക്ക് വിധേയയാക്കി. നഗ്നയാക്കി ക്രൂരമായി മർദ്ദിച്ചു. തുകൽ ബൂട്ട് കൊണ്ട് തുടർച്ചയായി തൊഴിച്ചു. നേരം പുലരുവോളം പടയാളികളുടെ മർദ്ദനമേറ്റു വാങ്ങിയ നൂർ രക്തം വാർന്നൊഴുകി ജീവച്ഛവമായി നിലത്തു കിടന്നു. അടുത്ത ദിവസം പുലർച്ചെ കൂടെയുണ്ടായിരുന്നവർക്കൊപ്പം തടവറയിൽ നിന്ന് വലിച്ചിഴച്ച് സമീപത്തെ ശ്മശാനത്തിനടുത്ത് എത്തിച്ചശേഷം മുട്ടുകുത്തി നിർത്തി കഴുത്തിനു പിന്നിലേക്ക് വെടിവച്ചു കൊലപ്പെടുത്തി. 'ലിബെർട്ടെ' (സ്വാതന്ത്ര്യം)എന്ന് അലറി വിളിച്ചുകൊണ്ടാണ് നൂർ വെടിയുണ്ട ഏറ്റു വാങ്ങിയത്. തുടർന്ന് നൂർ ഇനായത്തിന്റെ മൃതശരീരം വലിച്ചിഴച്ച് ശ്മശാനത്തിലെത്തിച്ച് തീച്ചൂളയിലേയ്ക്ക് വലിച്ചെറിഞ്ഞു. പിടിയിലായി ഒരു വർഷത്തോളം ക്രൂരപീഡനങ്ങളേറ്റ് ഒടുവിൽ കോൺസൻട്രേഷൻ ക്യാമ്പിൽ കൊല്ലപ്പെടുമ്പോൾ നൂറിനു മുപ്പത് വയസ്സ് ആകുന്നതേയുണ്ടായിരുന്നുള്ളൂ. മാധ്യമ പ്രവർത്തകയായ ശർബാണിവസു 2006-ൽ പുത്തിറക്കിയ ജീവചരിത്രത്തിലൂടെ (Spy Princess :The life of Noor Inayat Khan)യാണ് നൂർ ഇനായത്ത് ഖാൻ എന്ന ഈ അസാധാരണ വ്യക്തിത്വം ലോകശ്രദ്ധ നേടുന്നത്.നൂർ വധിക്കപ്പെട്ട് 76 വർഷങ്ങൾക്ക് ശേഷം 2020-ൽ നീല സ്മരണ ഫലകം (Blue Plack)സ്ഥാപിച്ച് ലണ്ടനിൽ അവർ ആദരിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധ കാലത്തെ SOE സേവനം പരിഗണിച്ചാണ് ഈ അംഗീകാരം. നൂറിന്റെ കുടുംബം ബ്രിട്ടനിൽ താമസിച്ചിരുന്ന വീടിന്റെ മുന്നിൽ അവരുടെ പ്രതിമ സ്ഥാപിച്ച് പേരുവിവരം കൊത്തിവച്ചിട്ടുള്ളതാണ് ഈ അംഗീകാരം. 1946-ൽ ഫ്രഞ്ച് സൈനിക ബഹുമതിയായ റെദ് ഗേർ ഗോൾഡ് സ്റ്റാർ മരണാനന്തര ബഹുമതിയായി നൽകി ആദരിച്ചു. 1949-ൽ ബ്രിട്ടനിലെ രണ്ടാമത്തെ ഉയർന്ന പുരസ്കാരമായ ജോർജ് ക്രോസ് നൽകിയും അവർ ആദരിക്കപ്പെട്ടിട്ടുണ്ട്.
2024 ഓഗസ്റ്റ് 5, തിങ്കളാഴ്‌ച
വന്മഴ
മലയടിവാരത്തൊരു ചെറുഗ്രാമം.
ചെറുപുഴയതിരിട്ടൊരു ഗ്രാമം.
തരുനിരനീളെപ്പീലി വിടർത്തി-
ച്ചെറുചെടിമരതക പട്ടുവിരിച്ചു
ഒരുമയൊടൊരു ജനതതിയവിടെ
ജീവിതതാളം മേളമൊരുക്കി. കൊതിവരുമവരുടെ നാടും
നാടതുനിറയും നന്മകളും
ഒരുമഴ പെരുമഴ വന്മഴയൊരുനാൾ
കലിയൊടു മലകളിളക്കി മറിച്ചൂ
തരുനിരയുടെ കട പുഴക്കിയെറിഞ്ഞൂ
ചെറുപുഴ കണ്ണീർക്കടലായി
സുന്ദരഗ്രാമമൊലിച്ചേപോയി
നന്മകൾ മണ്ണിലലിഞ്ഞേ പോയി
ജീവിതതാളമുറഞ്ഞേപോയ്.
2023 ഒക്‌ടോബർ 17, ചൊവ്വാഴ്ച
Shyalaja പി Ambu
ഓർമ്മകളിൽ സൂക്ഷിക്കാൻ ഒരാൽമരം.
ഷൈലജ പി. അംബു
ഞാൻ അഞ്ചാം ക്ലാസ് മുതൽ പത്ത് വരെ പഠിച്ചത് തിരുവനന്തപുരത്ത് വഴുതക്കാടുള്ള ഗവൺമെൻറ് കോട്ടൻഹിൽ സ്കൂളിലാണ്.അന്ന് ഒമ്പതാം ക്ലാസിലെ മലയാളം അധ്യാപിക സീതമ്മാൾ ടീച്ചറാണ്. ടീച്ചറും എന്‍റെ അമ്മയും അക്കാലത്ത് പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ പ്രവർത്തകരാണ്. അതുകൊണ്ടുതന്നെ മുന്നിലത്തെ ബെഞ്ചിൽ ഇടത്തെ അറ്റത്ത് ഇരിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ എന്നെ ടീച്ചർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഞാൻ പാടുമെന്ന് ടീച്ചറിന് നന്നായി അറിയാം. അതുകൊണ്ട് പാഠഭാഗത്തിലെ കവിതകൾ വായിക്കുവാൻ ടീച്ചർ എന്നെ നിയോഗിച്ചിരുന്നു. ഞാനും എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി സുവർണ്ണയുമാണ് ആ വർഷത്തെ മലയാളം ക്ലബ്ബിലേക്ക് ഞങ്ങളുടെ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
ഒഎൻവി കുറുപ്പ് സാറിന്‍റെ കവിത ആവണിപ്പാടം അക്കൊല്ലം ഞങ്ങൾക്ക് പഠിക്കുവാൻ ഉണ്ടായിരുന്നു.സീതമ്മാൾ ടീച്ചർ വളരെ ഹൃദ്യമായി പഠിപ്പിച്ചു. സ്കൂളിൽ നിന്നും ഏകദേശം അര കിലോമീറ്റർ അകലെയാണ് കവി താമസിക്കുന്നത്. അവിടെ അടുത്താണ് എന്നല്ലാതെ വീട് അറിയില്ല. ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ് ടീച്ചന്‍റെ അനുവാദത്തോടെ, ടീച്ചർ പറഞ്ഞു തന്ന വഴിയെ ഞങ്ങൾ മലയാളം ക്ലബ്ബിലെ കുട്ടികൾ കവിയെ കാണാൻ പുറപ്പെട്ടു. വീടിന്‍റെ ഉമ്മറത്ത് അദ്ദേഹം ചാരു കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഓരോരുത്തരേയും പരിചയപ്പെട്ടു. വായിച്ച പുസ്തകങ്ങളെപ്പറ്റി ചോദിച്ചു. വായിക്കേണ്ട പുസ്തകങ്ങളെപ്പറ്റി പറഞ്ഞു തന്നു. ഞാൻ സാറിന് മുന്നിൽ ആവണിപ്പാടം പാടി. ആ ഗുരുവിന്‍റെ കാലിൽ തൊട്ട് വന്ദിച്ച് ഞങ്ങൾ അവിടം വിട്ടിറങ്ങി. പിന്നീടങ്ങോട്ട് പല വേദികളിൽ കുഞ്ഞേടുത്തി ചൊല്ലി ഞാൻ സമ്മാനങ്ങൾ വാങ്ങി .
ഞാൻ പിന്നീട് നാടകവും നാടൻപാട്ടുകളും എന്‍റെ ജീവിതമാർഗമാക്കി. 2005-ൽ സഖാവ് പന്ന്യൻ രവീന്ദ്രന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് കലാജാഥയിൽ പങ്കെടുക്കവേ ഒഎൻവി കുറുപ്പ് സാറിന്റെയും, സഖാവ് വി.എസ്. അച്യുതാനന്ദന്‍റെയും മുന്നിൽ നാടകം അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. നാടകാവതരണത്തിന് ശേഷം അരികിൽ വന്ന് 'നന്നായി അഭിനയിച്ചു' എന്ന് അദ്ദേഹം അഭിനന്ദിച്ചു.
എല്ലാ മലയാളികളേയും പോലെ ജീവിത യാത്രയിൽ സന്തോഷത്തിലും, വേദനയിലും, പ്രണയത്തിലും, വിരഹത്തിലും ,മരണത്തിലും ഒഎൻവി എന്ന കവിയും ഗാനരചയിതാവും ഒപ്പമുണ്ട് .പിന്നീട് അദ്ദേഹത്തിന്‍റെ എൺപതാം പിറന്നാൾ വിവിധ സംഘടനകൾ സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഞങ്ങൾ, മാനവീയം തെരുവോരക്കൂട്ടത്തിന്‍റെ പ്രവർത്തകർ, വിസ്മയ മാക്സിലെ ചിത്രകലാകാരന്മാരുടെ സഹായത്തോടെ, മാനവീയം വീഥിയിൽ അദ്ദേഹത്തിന്‍റെ ഉജ്ജയിനി എന്ന കവിതയുടെ ചുവർ ചിത്ര രചന നടത്തി.അനാരോഗ്യത്തിനിടയിലും അദ്ദേഹം വന്ന് ആ ചിത്രങ്ങൾ കണ്ടു .ആഘോഷവേളയിൽ അദ്ദേഹത്തിന് ലഭിച്ച ആൽമരം (സഹസ്ര പൂർണിമാ വൃക്ഷം) അദ്ദേഹം സുഗതകുമാരി ടീച്ചറിനെ ഏൽപ്പിച്ചിരുന്നു. ടീച്ചർ അതിനോടൊപ്പം അതേ ചട്ടിയിൽ ഒരു ചെമ്പക ത്തൈയ്യും നട്ടു വെച്ചു. ഒരിക്കൽ മാനവീയം വീഥിയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി സുഗതകുമാരിടീച്ചറെ കാണാൻ ചെന്നപ്പോൾ 'ഇവ നടുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മാനവീയം വീഥിയാണ്' എന്ന് പറഞ്ഞ് ആ തൈകൾ ടീച്ചർ ഞങ്ങൾക്ക് സമ്മാനിച്ചു. പിന്നീട് ടീച്ചർ നേരിട്ട് വന്ന് അവ മാനവീയം വീഥിയിൽ നട്ടു. മലയാളത്തിലെ രണ്ട് പ്രിയപ്പെട്ട കവികളുടെയും ഓർമ്മമരങ്ങൾ ഒരുമിച്ച് മാനവീയം വീഥിയിൽ വളരുന്നു.
ഇവിടെ ഞങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് പുതിയ കാലത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് .....
2023 സെപ്റ്റംബർ 23, ശനിയാഴ്‌ച
സ്വാതന്ത്ര്യപ്പെരുമകൾ
സ്വാതന്ത്ര്യപ്പെരുമകൾ കൊട്ടി -
പ്പാടാൻ വരു വരു സോദരരേ
സ്വാതന്ത്ര്യക്കൊടികളുയർത്താ-
നൊന്നിച്ചൊന്നായണിചേരൂ.
സ്വാതന്ത്ര്യക്കാറ്റതുവഴിയിതുവഴി
നമുക്കു ചുറ്റും വീശട്ടേ
ജീവിതവഴിയിൽ വിലങ്ങുതീർക്കും
ദുർമ്മോഹങ്ങൾ തകരട്ടേ
വാക്കിൽനോക്കിലുടുപ്പിൽ നടപ്പിൽ
നമുക്കു നാമേയധികാരി
അതിന്നെതിരേ നീളും ചങ്ങല
പൊട്ടിച്ചെറിയാം പോരാടാം
നിർഭയമുണരും ചേതന നീളേ
കർമ്മപഥങ്ങളൊരുക്കട്ടെ
ചിന്തയുരുക്കിപ്പുതുലോകം നാം
തീർക്കുക സ്നേഹജ്വാലകളാൽ.
2023 ഓഗസ്റ്റ് 26, ശനിയാഴ്‌ച
ഓണം
ഓണം പലകുറി വന്നുപോയി
ഓണത്തിന്നോർമ്മ പലതുമായി
ഓണക്കളികളും പാട്ടുമായി
ഓർമ്മപ്പെരുമകൾ കാതിലെത്തി
ഓണങ്ങൾ പിന്നെയും വന്നുപോകെ
ഓണത്തിനാഹ്ലാദം പങ്കുവച്ചോർ
ഓർമ്മതന്നോളപ്പരപ്പുകളി-
ലോരോന്നായെങ്ങോകൊഴിഞ്ഞു വീണു
ഓണപ്പഴമകൾ പാടിപ്പാടി
ഓർമ്മകളോരോന്നായവിറക്കി
ഓരോ പഴമക്കാരൊത്തുകൂടി
ഓണപ്പഴമയിലഭിരമിപ്പൂ
ഓണപ്പുതുമകളേറ്റു വാങ്ങി
ഓണം പുതുമക്കാർ തോളിലേറ്റി
ഓണം പുതുക്കിമിനുക്കിടുന്നോർ
ഓണത്തിൻ നേരവകാശികളായ്
ഓണമീണ്ണിൽ നിറഞ്ഞു നിൽക്കും
ഓരോരോ കാലഗതികൾ പോലെ
ഓണപ്പഴമ പഴമതന്നെ
ഓണപ്പുതുമകളോണമായി
ഓണമിന്നോരോമനസ്സിലുമ
ങ്ങാഘോഷപ്പെരുമ്പറ കൊട്ടിടട്ടെ.