സ്വാഗതം സ്വാഗതം സ്വാഗതമോതുന്നു
സാഹിതീസംഘത്തിൻസുസ്വാഗതം
സംഘത്തിൻ വേദിയിലെത്തിയ നിങ്ങൾക്കായ്
സാമോദമോതട്ടേ സ്വാഗതങ്ങൾ.
പണ്ടുപണ്ടീനാട്ടിലുണ്ടായിരുന്നൊരാ
മാവേലി വാണ നാളോർത്തീടണം
എല്ലാർക്കുമെങ്ങും സമത്വം സുരക്ഷയു-
മെന്നുമീസംഘത്തിൻ ലക്ഷ്യമല്ലോ
മാനിനിമാരേറ്റു വാങ്ങും ദുരിതങ്ങൾ
മാലോകരെല്ലാമറിഞ്ഞിടേണം
ആജീവനാന്തമടുക്കളക്കോലായിൽ
ചങ്ങലക്കുള്ളിൽ പിടഞ്ഞതല്ലേ
സ്ത്രീപീഡനങ്ങളും പെൺവാണിഭങ്ങളും
നേരിൽ മുഖാമുഖം കണ്ടു നിൽക്കെ
ഞെട്ടിപ്പിടഞ്ഞവർ നാരികൾ നമ്മളീ -
യന്യായമൊക്കെയൊതുക്കിടേണം
ചിന്തകളെത്തളയ്ക്കുന്ന
മാമൂലുകൾതകരട്ടെ,
ഞെരിയട്ടെ വിലങ്ങുകൾ ചങ്ങലകളും
വലിച്ചിതു പൊട്ടിക്കനാം
കടക്കുക പുറംലോകം
ഉമ്മാക്കികൾ കണ്ടു നമ്മൾ ഭയപ്പെടേണ്ട
പെണ്ണിൻ മനം പെണ്ണിൻ ചിന്ത
പെണ്ണിൻ കാഴ്ച പെണ്ണിൻ വാക്ക്
മന്നിൽത്തന്നെ വിണ്ണു കാട്ടും
പൊന്നിൻ വിളക്ക്
വിളക്കിതു കത്തിക്ക നാം,
നിലവായിപ്പരക്കട്ടെ
ഇരുളുകളകലട്ടെ, കുടിലതയും.
ഓർമ്മയുടെ ചെപ്പുകളിലൊളിപ്പിച്ച പൊന്നോണത്തെ ഒരുമതൻകാഹളത്താൽ വരവേൽക്ക നാം.
കുമ്മിയടിക്കുവിൻ കുമ്മിയടിക്കുവിൻ
കുമ്മിയടിക്കുവിൻ തോഴിമാരേ
കുമ്മിയടിക്കുവിൻ കുമ്മിയടിക്കുവിൻ
കുമ്മിയടിക്കുവിൻ തോഴിമാരേ
പണ്ടു നാം ചെയ്തോരബദ്ധങ്ങളിന്നു നാ- മാചാരമാക്കി പുലർത്തിടേണ്ട.
കല്യാണ ധൂർത്തുക,ളാചാരക്കൂത്തുക-ളൊക്കെയും നമ്മെ പിഴിഞ്ഞിടുന്നു ആചാര,മാർഭാട,മാഘോഷമെത്രയോ ജീവിതം ചാമ്പലായ്മാറ്റിയെന്നോ
കുമ്മിയടിച്ചു മദിച്ചു രസിക്കുമ്പോൾ നമ്മളെ നമ്മളറിഞ്ഞിടേണം തൊട്ടിലാട്ടീടും കരങ്ങളിൽ നാടിന്റെ ഭാവി സുരക്ഷിതമായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ