കവിത.
എന്റെ ഗ്രാമം
എന്റെ ഗ്രാമം
മനസ്സു കുതിക്കുന്നു വപുസ്സെക്കാളും മുന്നേ
ഓർമ്മകളുറങ്ങുമെൻ കൊച്ചു ഗ്രാമത്തിലെത്താൻ
വയലിൻ വരമ്പിലെ കറുക കയ്യൂന്നിയും
കാലടികളിൽ മന്ദമിക്കിളി കൂട്ടീടുമോ.
ചാമിയും ചിരുതയും നീലിയും കളപറി-
ച്ചാവരമ്പാകെ ചെളിയാക്കാതെയിരുന്നെങ്കിൽ
കൈത്തൊട്ടിൻ കരയിലെ കൈതോല കുസൃതിയാൽ
കൂർത്ത കൈനഖം കൊണ്ടു നുള്ളിനോവിച്ചേക്കുമോ
പാടത്തെപ്പച്ചപ്പിന്റെ തിരകൾ കുതൂഹലാൽ
ഓടിവന്നെന്നെപ്പുൽകി സ്വാഗതമരുളീടും.
എത്തിഞാനെന്റെ നാട്ടിൽ ഇറങ്ങി സ്റ്റോപ്പിൻ മുന്നേ
ഇത്തിരി നടന്നീടാം കാണട്ടെയെല്ലാം വീ ണ്ടും.
വയലിൻ വരമ്പയ്യോ പെരിയ വഴിയല്ലോ
സിമന്റും കല്ലും മണ്ണും കമ്പിയും ചുറ്റും കാണ്മൂ.
യന്ത്രത്തിന്നലർച്ചയോ കാതുകളടപ്പിച്ചൂ
പാടങ്ങൾ പടുകൂറ്റൻ ഫ്ലാറ്റിതിന്നസ്ഥികൂടം
ഇപ്പൊഴും സ്വബോധമറ്റെന്താവോ പിറുപിറു-
ത്താകുഞ്ഞി(?)മകളാണോ(?)അലഞ്ഞു നടക്കുന്നൂ.
മൂക്കത്തു വിരൽ വച്ചിട്ടമ്പരന്നുഞാൻനിൽക്കെ
ഉള്ളിലെ കിളിയിരുന്നിങ്ങനെ കുറുകുന്നൂ
സൌഭഗം വെടിഞ്ഞേറെ സൌകര്യംതേടിപ്പോയോർ-
ക്കെന്തവകാശമുണ്ടീ ഗ്രാമത്തെ പഴിക്കുവാൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ