2013 സെപ്റ്റംബർ 7, ശനിയാഴ്‌ച



വിടവുക                      

നരമേധത്തെരുവുകളിൽ
കുരുതിമണക്കും വായുവിലെങ്ങും
ഭീതിവിടർത്തും കണ്ണുകൾ ചുറ്റും
കണ്ടതുകാഴ്ചകളല്ലെന്നോ?
കണ്ടതുമായ്ക്കാൻ കഥകൾ ചമയ്ക്കും 
കർമ്മത്തിൻ പുതു കാണ്ഡങ്ങൾ.

കൊലവിളിയാളിക്കത്തിച്ചഗ്നിയി-
ലെരിഞ്ഞുതീരും ദൈന്യങ്ങൾ
പിടയും പ്രാണൻ രക്ഷിക്കാനായ്
കൈയും നീട്ടിക്കേഴുമ്പോൾ
കണ്ണുകൾ കാതുകളറിയാതങ്ങനെ-
യറുകൊലയലറിവിളിക്കുന്നൂ.

പാലു കൊടുത്തു വളർത്തും പകകൾ
പത്തിവിടർത്തിപ്പായുമ്പോൾ
പലവഴിയോടുന്നുയിരുക-
ളുയിരിനെയെവിടെയൊളിപ്പിക്കും
ഉയിരില്ലാത്തൊരുപാറക-
ളഭയംനൽകുന്നലിവോടെ

വിടവുകൾ നൽകീപാറകൾ
വിറയൊടു ജീവൻപിടയുംദേഹം
കൊത്തിനുറുക്കീട്ടൊഴുകുംചൊര-
ക്കളിയതു കണ്ടു രസിപ്പതു കാണാൻ
തളർന്നു വീഴും കുരുന്നു മെയ്യിൽ
ക്രൌര്യപ്പേക്കൂത്താടിരസിപ്പതു കാണാൻ
കിളുന്നു കാലുകൾ വലിച്ചു കീറി-
ത്തീയിലെറിഞ്ഞു കളിപ്പതു കാണാൻ

മറവുകൾനൽകീപാറകൾ
തൊണ്ടയിലെത്തിയനിലവിളി
പൊത്തിപ്രാണൻപേണി ശ്വാസ-
മടക്കിയൊതുങ്ങിയിരിക്കാൻ

പേണിയെടുത്തൊരു പ്രാണൻപ്രാഞ്ചി-
ഗ്ഗതിയില്ലാതലയുന്നതുകാണാൻ
മറവുകൾ വേണ്ടാ,വിടവുകൾ വേണ്ടാ
നരമേധത്തെരുവിൻപൊതു കാഴ്ചകളല്ലോ

കണ്ടതു മായ്ക്കാൻ കഥകൾ ചമയ്ക്കും
കർമ്മത്തിൻപുതുകാഥികരേ,
ഭീതി വിടർത്തുംകണ്ണുകൾചുറ്റും
കണ്ടതു കാഴ്ചകളല്ലെന്നോ?.

3 അഭിപ്രായങ്ങൾ:

  1. വല്ലാത്ത കാഴ്ച്ചകളാണെങ്ങും. കവിത വളരെ ശക്തമായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചു... ചുറ്റുപാടും നടക്കുന്ന അനീതിയെക്കുറിച്ചും ഭീകരതയെക്കുറിച്ചുമാണ്‌ കവിതയെന്ന് കരുതുന്നു. ശക്തമായ വരികൾ...

    മറുപടിഇല്ലാതാക്കൂ
  3. 2002-ൽ വംശഹത്യനടന്ന ഗുജറാത്ത് സന്ദർശിച്ച വേളയിൽ ഉറക്കം കെടുത്തിയ ദൃശ്യാനുഭവങ്ങളാണ് കവിതക്കാധാരം.2002ൽ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചിരുന്നു.

    മറുപടിഇല്ലാതാക്കൂ