2023 ഓഗസ്റ്റ് 26, ശനിയാഴ്‌ച

അമ്മയോണം

 ഓണമെന്നോർമ്മയിലമ്മയായീ

മുന്നിൽനിറഞ്ഞു ചിരിച്ചുനിൽപ്പൂ

നഷ്ടവസന്തങ്ങൾ ഓണച്ചിറകേറി

ഇഷ്ടസ്വപ്‌നങ്ങളായ്‌ വന്നണഞ്ഞൂ


ഏഴുന്നിലകളിൽ മാലചാർത്തി

ഏഴുതിരിയിട്ടലങ്കരിച്ച

ഉത്രാടപ്പൊൻവിളക്കിന്നഴകിൽ

അമ്മതൻ സ്നേഹം തിരികൊളുത്തീ


മുറ്റത്തെപ്പൂക്കളം വാരിവിതറിയ ചന്തപ്പൊലിമയായമ്മനിന്നൂ.

ഊഞ്ഞാലിലാടുന്നപാട്ടിന്റെ ഈരടി

ഈണമായമ്മ ഹരം പകർന്നൂ

തൂശനിലയിൽവിളമ്പിവച്ച

കറികളിൽ നിറവും മണവുമായീ

രുചിപകർന്നമ്മ നിരന്നിരുന്നൂ

ഓർമ്മയിലോണമായമ്മണിന്നൂ


ഓണക്കളികളിൽതുള്ളിത്തുളുമ്പുമൊ -

രുത്സാഹമായെന്റെയമ്മനിന്നൂ.

വല്ലായ്മയെങ്ങോഒതുക്കിവച്ചി -

ട്ടാഹ്ലാദമാർക്കും പകർന്നു നല്കീ

ഓണമിങ്ങോർമ്മയായമ്മനിന്നൂ.

ഓണമിങ്ങോർമ്മയായമ്മനിന്നൂ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ