2020 ജൂൺ 1, തിങ്കളാഴ്‌ച

ലോകം കീഴ്മേൽ മറിയുന്നു

ലോകം കീഴ്മേൽ മറിയുന്നൂ 
---------------------------=====------

കൊറോണയെന്നൊരു വിരുതൻ പാരിൽ 
മരണം വിതറി നടക്കുന്നൂ  
ആളെക്കണ്ടാലുള്ളിൽക്കയറി 
പനിയായ്‌ ചുമയായ്കൂടുന്നൂ 
ശ്വാസം ഞെക്കി കൊല്ലുന്നൂ 

അവനെപ്പേടിച്ചാളുകളെല്ലാം അടച്ചുപൂട്ടിയിരിപ്പായി 
വായുംകെട്ടിക്കയ്യും കഴുകി 
വീടിനുള്ളിലിരിക്കുന്നൂ. 

കടകളടച്ചൂ  കമ്പനി പൂട്ടീ 
പണിശാലയതു  തുറപ്പതുമില്ലാ 
വേലയുമില്ലാ കൂലിയുമില്ലാ 
നിത്യം കഴിയാൻ വകയതുമില്ലാ 
പട്ടിണി കൊണ്ടിഹ വലയുകയായീ 
കുട്ടികളാകെ വിരളുന്നല്ലോ 
സ്‌കൂളുകളില്ലാ പഠനവുമില്ലാ 
കുട്ടിക്കളികൾ മറന്നേപോയ് 
കളിചിരി മാഞ്ഞൂ ഭീതി പടർന്നൂ 

അമ്പലമില്ലാരാധനയില്ലാ 
പള്ളിയിലെങ്ങും പാതിരിയില്ലാ 
പ്രാർത്ഥനയിന്നു ഫലിക്കുന്നില്ലാ
ദേവകളെല്ലാമോടിയൊളിച്ചു 
ആശ്രമമെല്ലാം പാഴ് ശ്രമമല്ലോ 
ആൾ ദൈവങ്ങൾ പോയി മറഞ്ഞൂ 
ഉത്സവമില്ലാഘോഷവുമില്ലാ 
റംസാൻ വിഷുവതുമീസ്റ്ററുമില്ല. 

വണ്ടികളില്ലാ വള്ളവുമില്ലാ  
ഉറ്റവർ തമ്മിൽ ബന്ധവുമില്ലാ
മരണമറിഞ്ഞാൽപോകാൻമേലാ 
ചടങ്ങിനാരും കൂടുന്നില്ലാ 
കല്യാണങ്ങൾ നടക്കുന്നില്ലാ 
ആചാരങ്ങൾക്കാളുകളില്ലാ 

ആസ്പത്രികളോ തിങ്ങിനിറഞ്ഞൂ 
രോഗികൾ ലക്ഷം ലക്ഷമതായി 
ഭിഷഗ്വരന്മാർ ശുശ്രൂഷകരും 
വിശ്രമമില്ലാതോടി നടപ്പൂ 
മരുന്നുകളേതും ഫലിക്കാതായീ 
മരണം ചുറ്റും വന്നലയുന്നൂ 

ഉലകം വട്ടം ചുറ്റുന്നൂ 
ചിട്ടകളെല്ലാം തെറ്റുന്നൂ 
രീതികളെല്ലാം മാറുന്നൂ 
ലോകം കീഴ് മേൽ മറിയുന്നൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ